28ാമത് ഐ.എഫ്.എഫ്.കെ; ചലച്ചിത്ര പ്രവർത്തകർക്ക് ആദരമായി ഹോമേജ് വിഭാഗത്തിൽ പതിനൊന്ന് ചിത്രങ്ങൾ
മൺമറഞ്ഞ അതുല്യ ചലച്ചിത്ര പ്രവർത്തകർക്ക് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. 2015 ഐ.എഫ്.എഫ്.കെ യിൽ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് നേടിയ വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ ദാരിയുഷ് മെഹർജുയിയുടെ 'എ മൈനർ' ഉൾപ്പെടെ 12 പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഹോമേജ് വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ 'യവനിക' എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പും ഈ വിഭാഗത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.
ഐ.എഫ്.എഫ്.കെ യിൽ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് നേടിയ സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയുടെ 'കസിൻ ആഞ്ചെലിക്ക', ഇബ്രാഹിം ഗോലെസ്റ്റാൻ സംവിധാനം ചെയ്ത 'ബ്രിക്ക് ആൻഡ് മിറർ', ഫ്രഞ്ച് ചലച്ചിത്രകാരൻ ജാക്ക് റോസിയറിന്റെ 'അഡിയൂ ഫിലിപ്പീൻ', ശ്രീലങ്കയിലെ ആദ്യ വനിതാ സംവിധായിക സുമിത്ര പെരീസിന്റെ 'ദി ട്രീ ഗോഡസ്' , ടെറൻസ് ഡേവിസ് സംവിധാനം ചെയ്ത ഡിസ്റ്റന്റ് വോയിസസ് സ്റ്റിൽ ലൈവ്സ്, വില്യം ഫ്രീഡ്‌കിൻ ചിത്രം ദി എക്സോർസിസ്റ്റ് എന്നീ ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ജെ സി ഡാനിയേൽ അവാർഡ് ജേതാവ് കെ രവീന്ദ്രനാഥൻ നായർ നിർമിച്ച വിധേയൻ , സിദ്ധിഖ് സംവിധാനം ചെയ്ത് ഇന്നസെന്റ് പ്രധാനവേഷത്തിലെത്തിയ റാം ജി റാവു സ്പീക്കിങ് ,2023 ൽ അന്തരിച്ച മാമുക്കോയയ്ക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത പെരുമഴക്കാലം എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.