ആശയങ്ങള്‍ പരിധിയില്ലാതെ അവതരിപ്പിക്കാവുന്ന മികച്ച മാധ്യമമാണ് സിനിമയെന്ന് സംവിധായകര്‍
ഏതുതരം ആശയങ്ങളായാലും പരിധികളില്ലാതെ ആവിഷ്‌കരിക്കാനുള്ള മികച്ച മാധ്യമമാണ് സിനിമയെന്ന് സംവിധായകര്‍. പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഹൃസ്വചിത്ര മേളയോട് അനുബന്ധിച്ച് നടത്തിയ മീറ്റ് ദി ഡിറക്‌റ്റേഴ്‌സ് ഫോറത്തിലാണ് സംവിധായകര്‍ ഈ അഭിപ്രായം ഉന്നയിച്ചത്.
ചുറ്റുമുള്ള സ്ത്രീകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കന്നഡ ചിത്രം മുക്ത രൂപപ്പെടുത്തിയതെന്ന് സംവിധായിക മേദിനി കെലമാനെ പറഞ്ഞു. സ്ത്രീവിരുദ്ധ മനോഭാവം വര്‍ധിച്ചുവരുന്ന സമൂഹത്തില്‍ അതിനെതിരെയുള്ള സന്ദേശം നല്‍കുകയാണ് തന്റെ സിനിമയുടെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
യോജിച്ചുകൊണ്ട് മാത്രമേ വിയോജിപ്പ് പ്രകടിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന ആശയമാണ് ചിത്രത്തിന് പുരുഷസമത്വം എന്ന തലക്കെട്ട് തിരഞ്ഞെടുക്കുവാന്‍ കാരണമെന്ന് സംവിധായകന്‍ നിതീഷ് പി പറഞ്ഞു.
ആശയങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുവാനുള്ള മാധ്യമമാണ് സിനിമയെന്നും കലാമൂല്യമുള്ള ചിത്രങ്ങള്‍, കച്ചവട ചിത്രങ്ങള്‍ എന്നുള്ള വേര്‍തിരിവ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും നൈറ്റ് കോളിന്റെ സംവിധായകന്‍ സോനു ടി പി ചൂണ്ടിക്കാട്ടി.
ഉത്സവങ്ങളും ആനയും ആനപ്രേമവുമെല്ലാം സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള കേരളത്തില്‍ ആനയുടെ വീക്ഷണകോണില്‍ നിന്നുകൊണ്ട് കഥ പറയുന്നതിനാലാണ് ആനപ്രേമി എന്ന ചിത്രത്തിന് അനിമേഷന്‍ തിരഞ്ഞെടുത്തതെന്ന് സംവിധായകന്‍ ഷാമില്‍ രാജ് വ്യക്തമാക്കി.
ജാതിപരമായ വിവേചനങ്ങളെ ചോദ്യം ചെയ്യുന്ന മറാത്തി ചിത്രങ്ങള്‍ ഒരുപാടുണ്ടെന്നും അതില്‍ ഒന്നായി തന്റെ ചിത്രവും ശ്രദ്ധിക്കപ്പെടുന്നു എന്നത് സന്തോഷമുള്ള കാര്യമാണെന്ന് ദര്‍ഭയുടെ സംവിധായകന്‍ വിസ്മയ് കമാട്ടെ കൂട്ടിച്ചേര്‍ത്തു.
രാജേഷ് കാര്‍ത്തി, ഫാബിന്‍ പി തോമസ്, ഹരികൃഷ്ണന്‍ ഇ, ഡെന്നിസ് എ ഫ്രാന്‍സിസ് എന്നിവരുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് സിനിമകളുടെ സംവിധായകരാണ് പരിപാടിയില്‍ പങ്കെടുത്തത്. തേവര എസ് എച്ച് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും ഡോക്യുമെന്ററി സംവിധായകനുമായ രാജേഷ് ജെയിംസ് ചര്‍ച്ച മോഡറേറ്റ് ചെയ്തു.