വീണ്ടും ആ തനി കുട്ടനാട്ടുകാരനെ കണ്ടു'
വീണ്ടും ആ തനി കുട്ടനാട്ടുകാരനെ കണ്ടു'; നെടുമുടി വേണുവിനെ ഓർത്തെടുത്ത് ഭാര്യ സുശീല
അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ അവസാന ചിത്രമായ 'ഓറഞ്ച് മരങ്ങളുടെ വീട്' കണ്ട അനുഭവം പങ്കുവച്ച് ഭാര്യ സുശീല നെടുമുടി. അഞ്ചു വർഷത്തിനു ശേഷം ഭർത്താവിനെ സ്ക്രീനിൽ കണ്ടത് ഏറെ വൈകാരികമായ അനുഭവമായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ഡോ. ബിജുവിന് എഴുതിയ കുറിപ്പിൽ അവർ പറഞ്ഞു.
ചിത്രത്തിലെ സാമുവൽ എന്ന കഥാപാത്രത്തിൽ നെടുമുടി വേണുവിന്റെ ജീവിതവും സ്വഭാവവും ഏറെ പ്രതിഫലിക്കുന്നുണ്ടെന്ന് സുശീല കുറിച്ചു. കുട്ടികളോടുള്ള വാത്സല്യം, പ്രകൃതിയോടുള്ള സ്നേഹം, കൃഷിയോടുള്ള താൽപര്യം, ലളിതമായ ജീവിതശൈലി, കുട്ടനാടൻ ഭക്ഷണത്തോടുള്ള ഇഷ്ടം എന്നിവയെല്ലാം ഓർമകളിലൂടെ അവർ പങ്കുവച്ചു.
ബാലചന്ദ്രൻ അവതരിപ്പിച്ച കഥാപാത്രവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ട സുശീല, ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തെയും വാഗമണ്ണിന്റെ പ്രകൃതിഭംഗി മനോഹരമായി പകർത്തിയ ക്യാമറയെയും പ്രശംസിച്ചു.
വികസനത്തിന്റെ പേരിൽ പ്രകൃതിയെയും സാധാരണക്കാരുടെ ജീവിതത്തെയും നശിപ്പിക്കുന്നതിനെതിരായ ശക്തമായ സന്ദേശമാണ് ചിത്രം നൽകുന്നതെന്നും അവർ പറഞ്ഞു.
നെടുമുടി വേണുവിനും ബാലചന്ദ്രനും സ്നേഹസ്മരണയായി ഇത്തരമൊരു ചിത്രം പ്രേക്ഷകരിലെത്തിച്ച സംവിധായകൻ ഡോ. ബിജുവിനും നിർമാതാവിനും അണിയറപ്രവർത്തകർക്കും നന്ദിയും സുശീല അറിയിച്ചു.