ഷാരോണ്‍ കൊല: ഗ്രീഷ്മയുടെ കൂട്ടാളികള്‍ ആരൊക്കെ? അന്വേഷണം ഇവരിലേക്ക്

''കുടിച്ചത് വിഷമാണെന്ന് ഗ്രീഷ്മ ഷാരോണിനോട്, ആരോടും പറയേണ്ടെന്ന് മറുപടി''
 





പാറശാല ഷാരോണ്‍ രാജ് കൊലപാതകത്തില്‍ ഗ്രീഷ്മയെ സഹായിച്ചവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മാതാപിതാക്കള്‍, അടുത്ത ബന്ധു, ഒരു സുഹൃത്ത് എന്നിവരിലേക്കാണ് പൊലീസിന്റെ അന്വേഷണം. കുറ്റകൃത്യത്തില്‍ ഗ്രീഷ്മയ്‌ക്കൊപ്പം ഒരാള്‍ക്ക് കൂടി നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കീടനാശിനി എത്തിച്ച് നല്‍കിയത് അടുത്ത ബന്ധുവാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഗ്രീഷ്മയുടെ അടുത്ത സുഹൃത്തും പൊലീസിന്റെ സംശയനിഴലിലുണ്ട്. ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം ചെയ്യാന്‍ ഗ്രീഷ്മയ്ക്ക് സാധിക്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.


ഷാരോണിനെ വിഷം നല്‍കി കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം. വിഷം കലര്‍ത്തുന്നത് സംബന്ധിച്ച് ഗൂഗിളില്‍ ഗ്രീഷ്മ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം. സ്വകാര്യ കോളേജിലെ എംഎ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 22കാരിയായ ഗ്രീഷ്മ.



കഷായത്തില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്ന വിവരം ഷാരോണിനോട് പറഞ്ഞിരുന്നെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. എന്നാല്‍ ഈ വിവരം ആരോടും പറയേണ്ട, കുടിച്ചത് താന്‍ ഛര്‍ദിച്ച് കളഞ്ഞിട്ടുണ്ട്, പ്രശ്‌നമൊന്നുമില്ല എന്നാണ് ഇതിന് ഷാരോണ്‍ നല്‍കിയ മറുപടിയെന്ന് ഗ്രീഷ്മ പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു.



ഗ്രീഷ്മയുടെ മൊഴി: ''14ന് വീട്ടിലെത്തിയ ഇരുവരും സംസാരിച്ചിരുന്നു. ഇതിനിടെ ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞു പോയില്ലെങ്കില്‍ താന്‍ വിഷം കുടിക്കുമെന്ന് ഗ്രീഷ്മ ഷാരോണിനെ ഭീഷണിപ്പെടുത്തി. ഇതിനെ ഷാരോണ്‍ എതിര്‍ക്കുകയും ഒന്നിച്ചു ജീവിക്കാമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിനിടെ ടോയ്‌ലെറ്റിലേക്ക് ഷാരോണ്‍ പോയപ്പോള്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഇത് ഷാരോണ്‍ കുടിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. അപ്പോഴാണ് കയപ്പ് മാറാന്‍ ജ്യൂസ് കുടിക്കാന്‍ ഗ്രീഷ്മ നിര്‍ബന്ധിച്ചത്. ജ്യൂസ് ഷാരോണ്‍ കുടിച്ചു. തുടര്‍ന്നാണ് കഷായത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന വിവരം ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞത്. പ്രശ്‌നമില്ല, അത് ഛര്‍ദിച്ച് കളഞ്ഞു, ആരോടും പറയേണ്ടെന്ന് ഷാരോണ്‍ പറഞ്ഞു.''



ഗ്രീഷ്മയുടെ ഈ മൊഴിയില്‍ അന്വേഷണസംഘത്തിനും വ്യക്തത കുറവുണ്ട്. മൊഴി ഷാരോണിന്റെ കുടുംബവും നിഷേധിച്ചു. ഈ മൊഴി അടിസ്ഥാനരഹിതമാണ്. പൊലീസിനോട് നുണ പറഞ്ഞതാകുമെന്നാണ് ഷാരോണിന്റെ സഹോദരന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്. വീട്ടിലെത്തി സുഖമില്ലെന്ന് പറയുമ്പോള്‍ ഗ്രീഷ്മ പറഞ്ഞത് ഓട്ടോക്കാരന്റെയും മറ്റ് കാര്യങ്ങളാണെന്നും സഹോദരന്‍ ചൂണ്ടിക്കാണിച്ചു.

ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം. വിഷം കലര്‍ത്തുന്നത് സംബന്ധിച്ച് ഗൂഗിളില്‍ ഗ്രീഷ്മ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം.

സംഭവത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം.