യുവതിയിൽനിന്ന് പണം തട്ടിയെടുത്തു; മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി;
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് പണവും മറ്റു ആനുകൂല്യങ്ങളും തട്ടിയെടുത്തെന്ന പരാതിയിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. തൃശൂർ അരനാട്ടുകര സ്വദേശി വി.ബി. സതീഷ് (47) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെ വിവിധ ഘട്ടങ്ങളിലായി യുവതിയിൽനിന്ന് യുപിഐ വഴി 1.25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. കൂടാതെ 20,300 രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിമാനടിക്കറ്റിനായി 20,400 രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ യുവതിയുടെ മോർഫ് ചെയ്ത ചിത്രം ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിനും അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. പ്രതിയുടെ സഹോദരിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ ശബ്ദസന്ദേശത്തിലൂടെ യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
വിഴിഞ്ഞം എസ്എച്ച്ഒ കെ. ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.