സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള 'ഡിജി കേരളം' പദ്ധതിക്ക്‌ നാളെ

 

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള 'ഡിജി കേരളം' പദ്ധതിക്ക്‌ നാളെ (ഏപ്രിൽ 10) മുഖ്യമന്ത്രി തുടക്കമിടും. കൊച്ചി കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക്‌ 12 മണിക്കാണ്‌ പരിപാടി. തൊഴിലുറപ്പ്‌ പദ്ധതി സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റ്‌ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കലും മുഖ്യമന്ത്രി നിർവ്വഹിക്കും. തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി രാജീവ്‌, പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. സർക്കാരിന്റെ രണ്ടാം വാർഷികത്തോട്‌ അനുബന്ധിച്ച്‌ പ്രഖ്യാപിച്ച നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമാണ്‌ ഈ പരിപാടി. 

സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനത്തിലൂടെ രാജ്യത്തിന്‌ മാതൃകയായ കേരളം, ഡിജി സാക്ഷരതയിലൂടെ പുതുചരിത്രം രചിക്കാനാണ്‌ തയ്യാറെടുക്കുന്നത്‌. ആറ്‌ മാസം കൊണ്ട്‌ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യം പ്രാപ്തമാക്കാനുള്ള നടപടികളാണ്‌ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ ആസൂത്രണം ചെയ്തിരിക്കുന്നത്‌. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കാലത്ത്‌, ആധുനിക സങ്കേതങ്ങളുടെ ഗുണഫലങ്ങൾ എല്ലാ സാധാരണക്കാർക്കും ഉറപ്പാക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാനും, ഓൺലൈൻ പണമിടപാടിനും ഉൾപ്പെടെ പരിശീലനം നൽകാനുതകുന്ന മൊഡ്യൂളാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു ചുവടുവെപ്പ്‌. 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി മാതൃകാപരമായും ജനകീയമായും ഏറ്റെടുത്ത്‌ നടപ്പിലാക്കുന്ന സംസ്ഥാനമാണ്‌ കേരളം . പദ്ധതി നടത്തിപ്പിലെ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനായാണ്‌ സംസ്ഥാനത്ത്‌‌ സോഷ്യൽ ഓഡിറ്റ്‌ സംവിധാനം ഏർപ്പെടുത്തിയത്‌. സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റ്‌ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന പ്രക്രീയയാണ്‌ മുഖ്യമന്ത്രി നിർവ്വഹിക്കുന്നത്‌.  രാജ്യത്ത്‌ ആദ്യമായി ഈ നേട്ടം സ്വന്തമാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്‌.