ഇന്ത്യന്‍ കലയുടെയും സംസ്‌കാരത്തിന്റെയും പൈതൃകവും സര്‍ഗ്ഗാത്മകതയും ഉള്‍ക്കൊണ്ട് സംഗമം 2024

 
 രാജ്യത്തിന്റെ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന സംഗമത്തിന്റെ ഏഴാം പതിപ്പിന് ആതിഥ്യം വഹിച്ച് ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്‌സ് (എസ് എഫ് പി ഐ).  ബെംഗളൂരു സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിനു  ദ്രുപദ് മാസ്റ്ററോ പണ്ഡിറ്റ് ഉദയ് ഭാവല്‍ക്കറുടെയും  കിരിത് സിംഗിന്റെയും സുഖദ് മണിക് മുണ്ടെയുടെയും സാന്നിധ്യം ശോഭ പകര്‍ന്നു.

ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ശാസ്ത്രീയ സംഗീത ആസ്വാദകര്‍ ലൈവ് ദ്രുപദ് ആവിഷ്‌കാരത്തിന് സാക്ഷ്യം വഹിച്ചു. പണ്ഡിറ്റ് ഉദയ് ഭാവല്‍ക്കറും സംഘവുമായി അവര്‍ ആശയവിനിമയവും നടത്തി.

മുന്‍നിര ദ്രുപദ് ഗായകനായ പണ്ഡിറ്റ് ഉദയ് അംഗീകാരത്തിലും ജനപ്രീതിയിലും ലോകമെമ്പാടും  ശക്തമായ സാന്നിധ്യമാണ്. ദ്രുപദ്  പാരമ്പര്യത്തിന്റെ ഉയര്‍ന്ന സ്തംഭങ്ങളായ വോക്കല്‍ ഉസ്താദ് സിയ ഫരീദുദ്ദീന്‍ ദാഗര്‍, രുദ്ര വീണ  ഉസ്താദ് സിയ മൊഹിയുദ്ദീന്‍ ദാഗര്‍ എന്നിവരുടെ ശിഷ്യനാണ്. സ്വരത്തിലും രാഗത്തിലും മുഴുകിയാല്‍ അതില്‍ സ്വയം അലിഞ്ഞു ചേര്‍ന്ന് സംഗീതം മാത്രം അവശേഷിക്കുമെന്ന വിശ്വാസത്തിന്റെ ഉടമയാണ്  പണ്ഡിറ്റ് ഉദയ്. ഏറെ പ്രശംസ പിടിച്ചുപറ്റിയ ആകര്‍ഷകമായ ശൈലിയിലൂടെയാണ് അദ്ദേഹം  എല്ലാ പശ്ചാത്തലത്തിലുള്ള ആസ്വാദകരോട് സംവദിക്കുന്നത്. 1985-ല്‍ ഭോപ്പാലില്‍ നടത്തിയ ആദ്യത്തേതുമുതല്‍   ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രശസ്ത ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉദയ് സംഗീതാവതരണം നടത്തിയിട്ടുണ്ട്.

എസ് എഫ് പി ഐ സ്ഥാപകരായ കുമാരി ഷിബുലാലിന്റെയും എസ് ഡി ഷിബുലാലിന്റെയും സംഗീതത്തോടുള്ള അപാരമായ അഭിനിവേശത്തില്‍ നിന്ന് പിറവിയെടുത്ത സംഗമം,  സാംസ്‌കാരിക പൈതൃക സംബന്ധിയായ അവബോധവും സംരക്ഷണ മനോഭാവവും പരിപോഷിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാംസ്‌കാരിക സമൃദ്ധി വിപുലമായ ആസ്വാദകവൃന്ദത്തിലേക്ക്  പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നതായി.

''സംഗീതത്തിന് ജനങ്ങളെ ഒരുമിപ്പിക്കാനും അതിരുകള്‍ക്കും വ്യത്യാസങ്ങള്‍ക്കും അതീതമായ ഒരു പൊതുവേദി സൃഷ്ടിക്കാനും കഴിവുണ്ടെന്നു' സംഗമത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട്  കുമാരി ഷിബുലാല്‍ പറഞ്ഞു. താനും ഷിബുവും ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തോട്  ചായ്വുള്ളവരാണ്. പൈതൃകത്തോടും സംസ്‌കാരത്തോടുമുള്ള  തങ്ങളുടെ ആരാധനയാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഗമത്തിന് വിത്ത് പാകിയത്. ഈ ഉദ്യമത്തിലൂടെ, ഇന്ത്യന്‍ സംഗീത-നൃത്ത രൂപങ്ങളുടെ സമൃദ്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന കലാ ആസ്വാദകരിലേക്ക് എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.

'കലാ ആരാധകരെ കണ്ടുമുട്ടുന്നത് എപ്പോഴും സംതൃപ്ത അനുഭവമാണെന്ന് പണ്ഡിറ്റ് ഉദയ് ലൈവ് ദ്രുപദ് പ്രകടനത്തെക്കുറിച്ച് പറഞ്ഞു. 'അദ്ധ്യാപകന്‍, അവതാരകന്‍ എന്ന നിലകളില്‍ 40 വര്‍ഷത്തെ അനുഭവപരിചയം ഉള്ളതിനാല്‍, മനോഹരമായ പുരാതന കലാരൂപം പങ്കുവെക്കുന്നത് അളവറ്റ സന്തോഷം നല്‍കുന്നു. ബെംഗളൂരു എല്ലായ്പ്പോഴും സ്വാഗതമോതുന്ന ഇടമാണ്. തികഞ്ഞ സംതൃപ്തിയും സന്തോഷവും പകരുന്നതായി സംഗമത്തിലെ അവതരണം. ഇതുപോലുള്ള സംരംഭങ്ങള്‍ കലയും കലാകാരന്മാരും ആരാധകരും തമ്മിലുള്ള വിടവ് നികത്തുന്നു' എന്നും അദ്ദേഹം പറഞ്ഞു.

സമ്പന്നവും പ്രാചീനവുമായ ഇന്ത്യന്‍ തത്ത്വചിന്തകളിലും  കലാമൂല്യ വ്യവസ്ഥകളിലും വേരാഴ്ത്തിയ ദ്രുപദ് ഉത്തരേന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ ഏറ്റവും പഴയ പാരമ്പര്യങ്ങളില്‍ ഒന്നാണ്. സാമവേദത്തിന്റെ സംശുദ്ധ സംസ്‌കൃത ലിപിയില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം.

ഗുരു ശിഷ്യപരമ്പരയില്‍ ദ്രുപദ് അഭ്യസിപ്പിക്കുന്ന പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി പണ്ഡിറ്റ് ഉദയ് 'ദ്രുപദ് സ്വര്‍കുല്‍' എന്നൊരു ഗുരുകുലം സ്ഥാപിച്ചിട്ടുണ്ട്.  തിരഞ്ഞെടുക്കപ്പെട്ടവരും അര്‍ഹരുമായ ദ്രുപദ് സാധകാര്‍ക്ക് അറിവും പരിശീലനവും നല്‍കുന്നതിനു ഈ റസിഡന്‍ഷ്യല്‍ ഗുരുകുലം ലക്ഷ്യമിടുന്നു. അറിവും തത്വചിന്തയും പകര്‍ന്നുനല്‍കുന്നതിനു ഗുരുക്കന്മാര്‍ കാലങ്ങളായി കൈമാറ്റം ചെയ്ത മൂല്യവത്തായ സവിശേഷ ഭാരതീയ പ്രക്രിയയാണ് 'ഗുരു-ശിഷ്യപരമ്പര'. ദ്രുപദ് പിന്തുടരാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് ഈ പുരാതന കലാരൂപം പകര്‍ന്നു നല്‍കുന്നതിനു ദ്രുപദ് സ്വര്‍കുലുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് എസ് എഫ് പി ഐ.