ഇന്ത്യയിലെ യുവ സംഗീത പ്രതിഭകളുടെ കഴിവ് അത്ഭുതപ്പെടുത്തിയെന്ന് വിദേശ ഗായകര്‍

 

ഇന്ത്യയിലെ യുവ സംഗീത പ്രതിഭകളുടെ കഴിവുകള്‍ അത്ഭുതപ്പെടുത്തിയെന്ന് ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിനെത്തിയ വിദേശകലാകാരര്‍ ഒരേസ്വരത്തില്‍ പറയുന്നു. അമേരിക്കന്‍ ഗായകന്‍ സാമി ഷോഫി, മലേഷ്യന്‍ ഗായിക ലിയ മീറ്റ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള യുവ സംഗീത കലാകാര്‍ വേദിയിലെത്തിയിരുന്നു. സാമി ഷോഫിക്കൊപ്പം ബംഗലൂരുവില്‍ നിന്നെത്തിയ ഡ്രമ്മര്‍ നിവേദിതയും ബേസ് ഗിഥാറിസ്റ്റ് ശാലിനി മോഹനും, ലിയ മീറ്റയ്‌ക്കൊപ്പം തിരുവനന്തപുരത്ത് നിന്നുള്ള ഡ്രമ്മര്‍ ഷിബു സാമുവലും വേദി പങ്കിട്ടു.

തനിക്കൊപ്പം വേദിയിലെത്തിയ രണ്ട് ആര്‍ട്ടിസ്റ്റുകളും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയതെന്ന് സാമി ഷോഫി പറഞ്ഞു.  ഐഐഎംഎഫ് കേരളത്തിലെ ഇന്‍ഡീ സംഗീത രംഗത്തിന് വലിയ അളവില്‍ പ്രചോദനമാകുമെന്നുറപ്പാണ്. ഇത്തരം ഫെസ്റ്റിവലുകളിലൂടെയാണ് പുതിയ കലാകാര്‍ പ്രശസ്തി നേടുന്നത്. അടുത്ത തവണയും താന്‍ ഐഐഎംഎഫിന് എത്തുമെന്നും ഷോഫി പറഞ്ഞു.

തങ്ങള്‍ക്കൊപ്പം വേദിയിലെത്തിയവരെ മാത്രമല്ല, മറ്റ് ഇന്ത്യന്‍ ബാന്‍ഡുകളേയും വിദേശ ഗായകര്‍ പ്രശംസിച്ചു. ഇന്ത്യന്‍ ബാന്‍ഡുകളുടെ സംഗീതം കേള്‍ക്കാനാണ് താന്‍ കാത്തിരിക്കുന്നതെന്ന് പാപുവ ന്യൂ ഗിനിയില്‍ നിന്നെത്തിയ ഗായകന്‍ ആന്‍സ്ലോം പറയുന്നുണ്ടായിരുന്നു. വേദിയിലെത്തിയ ബാന്‍ഡുകളുടെ പ്രകടനം അദ്ദേഹം വളരെയധികം ആസ്വദിച്ചിരുന്നു.

ഇത്രവും വലിയൊരു മേള നടത്തുന്നതിന് പിന്നില്‍ പുതിയ കലാകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വ്യക്തമാണെന്ന് ലിയ മീറ്റ പറഞ്ഞു. അതുകൊണ്ടാണ് ഏ-ലിസ്റ്റ് ബാന്‍ഡുകള്‍ കൂടാതെ പുതിയ ബാന്‍ഡുകള്‍ക്കും അവസരം നല്‍കുന്നത്. മേളയിലെ സംഗീതം പോലെ തന്നെ കേരളത്തിന്റെ ശാന്തസുന്ദരമായ അന്തരീക്ഷവും ആസ്വദിച്ചെന്നും അവര്‍ പറഞ്ഞു.

വിദേശത്ത് നിന്നെത്തിയ ഗായകരും ബാന്‍ഡുകളും നിറഞ്ഞ സംതൃപ്തിയോടെയാണ് മടങ്ങുന്നത്, അടുത്ത വർഷങ്ങളിലും വരുമെന്ന പ്രഖ്യാപനത്തോടെ. കേരളത്തിലെ ഇന്‍ഡീ സംഗീതലോകത്തെയും കുറിച്ചും ഏറെ ഏറെ പ്രതീക്ഷകള്‍ ഇവര്‍ പങ്കുവച്ചു.