ആശ, ജാനകി, ലത...
ആശാ ഭോസ്ലെ, എസ്. ജാനകി, ലതാ മങ്കേഷ്കർ... ഇന്ത്യൻ സംഗീതലോകത്തെ മൂന്ന് അതുല്യ പ്രതിഭകളെക്കുറിച്ചുള്ള ഹൃദ്യമായ ഓർമകൾ പങ്കുവെച്ച് ഗായിക കെ.എസ്. ചിത്ര. 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) ഭാഗമായി നടന്ന മാസ്റ്റർ ക്ലാസിലാണ് ചിത്ര തന്റെ സംഗീതജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെച്ചത്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം സംഭാഷണം നയിച്ചു.
കുട്ടിക്കാലം മുതൽ ആരാധിച്ചിരുന്ന ഗായികമാരായിരുന്നു പി. സുശീല, എസ്. ജാനകി, ലതാ മങ്കേഷ്കർ എന്നിവരെന്ന് ചിത്ര പറഞ്ഞു. ജാനകിയെ അനുകരിച്ച് പാടാൻ ചെറുപ്പത്തിൽ ശ്രമിച്ചിരുന്നെങ്കിലും അവരുടെ ശബ്ദത്തിന്റെ സവിശേഷത പകർത്തുക അസാധ്യമാണെന്ന് ചിത്ര ഓർത്തെടുത്തു. ലതയുടെ ഗാനങ്ങളിലെ വൈകാരികതയും ഭക്തിഗാനങ്ങളിലെ മാധുര്യവും തന്നെ ഏറെ ആകർഷിച്ചിരുന്നുവെന്നും പറഞ്ഞു.
ആശാ ഭോസ്ലെയുടെ സംഗീതത്തിലെ വൈവിധ്യവും പരീക്ഷണാത്മകതയും ചിത്ര പ്രത്യേകം പരാമർശിച്ചു. ഗസൽ ഉൾപ്പെടെ വിവിധ സംഗീതശാഖകളിൽ മികവ് തെളിയിച്ച ആശയ്ക്ക് തന്റേതായ വ്യക്തിത്വം സ്ഥാപിക്കാനായിരുന്നു ആഗ്രഹമെന്നും അവർ പറഞ്ഞു. ആശയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ഉയർന്ന ശബ്ദത്തിൽ പാടുന്നതിനെക്കുറിച്ച് അവർ ചോദിച്ച രസകരമായ അനുഭവവും ചിത്ര പങ്കുവെച്ചു.
എസ്. ജാനകിയെക്കുറിച്ചുള്ള ഓർമകൾ ചിത്രയുടെ വാക്കുകളിൽ പ്രത്യേക വാത്സല്യം നിറച്ചു. സംഗീതത്തിനപ്പുറം അമ്മയെപ്പോലെയാണ് ജാനകിയെ കണ്ടിരുന്നതെന്ന് പറഞ്ഞ ചിത്ര, അവരുടെ വീട്ടിലെത്തുമ്പോൾ സ്വന്തം കൈകൊണ്ട് ഭക്ഷണം വാരിത്തന്നിരുന്ന സ്നേഹനിമിഷങ്ങളും ഓർത്തെടുത്തു. ജാനകിയുടെ കൈയിൽനിന്ന് കിട്ടുമ്പോൾ എരിവുള്ള ഭക്ഷണത്തിനുപോലും മധുരമായിരുന്നുവെന്ന ചിത്രയുടെ വാക്കുകൾ സദസ്സിൽ ചിരിയുണർത്തി.
മലയാളത്തിലെ 'സ്വർണമുകിലേ' എന്ന ഗാനം ഇന്നും കേൾക്കുമ്പോൾ കണ്ണുനിറയാറുണ്ടെന്നും ചിത്ര വെളിപ്പെടുത്തി. പരിപാടിയുടെ ഭാഗമായി അഞ്ച് സിനിമാ രംഗങ്ങൾ പശ്ചാത്തലസംഗീതമില്ലാതെ പ്രദർശിപ്പിച്ചപ്പോൾ ഗാനങ്ങൾ തിരിച്ചറിഞ്ഞ് ആലപിച്ച ചിത്ര കാണികളെ വിസ്മയിപ്പിച്ചു.
അവസാനം 'സിന്ധുഭൈരവി'യിലെ 'പാടറിയേൻ' ആലപിച്ചപ്പോൾ സുഹാസിനിയും ഒപ്പം ചേർന്നു. സംഗീതവും സൗഹൃദവും ഓർമകളും നിറഞ്ഞ മാസ്റ്റർ ക്ലാസ് കാണികൾക്ക് ഗൃഹാതുരത്വം പകരുന്ന അനുഭവമായി.