സൈനികൻ നിർമിച്ച ക്യാമ്പസ് ചിത്രം ഓസെ

 

അടുത്ത മാസം ആർമിയിൽ തിരികെ പ്രവേശിക്കണമെന്ന അറിയിപ്പ് .കേണൽ രഞ്ജിത്ത് മാത്യുവിന്റെ കയ്യിലുണ്ട്. ജേണലിസം പഠിക്കാൻ ആർമിയിൽ നിന്ന് അവധിയെടുത്ത അദ്ദേഹം തിരികെ എത്തുന്നത് ശ്രദ്ധേയമായ ഒരു ചിത്രത്തിന്റെ നിർമാതാവ് കൂടിയായിട്ടാണ്.

അട്ടപ്പാടിയിലെ ഇരുള ഗോത്ര വിഭാഗത്തിന്റെ സംഗീത പൈതൃകം പ്രമേയമാക്കി കെ സൂരജ് കൃഷ്ണ സംവിധാനം ചെയ്ത ഡോക്യുമെന്ററി 'ഓസെ - ദി നെവർ എൻഡിങ് സൗണ്ട്,' കേരള സർവകലാശാലയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പിലെ രണ്ടാം വർഷ പിജി വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ്. വിദ്യാർത്ഥികളിൽ ഒരാളായ കേണൽ രഞ്ജിത്ത് ആണ് നിർമ്മാണം.
 ഐഎഫ്എഫ്കെയിലും ഐഡിഎസ്എഫ്എഫ്കെയിലുമെല്ലാം സഹപാഠികൾക്കൊപ്പം സിനിമ കണ്ടും ചർച്ച ചെയ്തും സജീവമായിരുന്ന രഞ്ജിത് ഡോക്യുമെന്ററി നിർമാണത്തിന് ഗ്രൂപ്പുകൾ തിരിച്ചപ്പോൾ തന്റെ സംഘത്തിന്റെ ആശയങ്ങൾക്ക് പൂർണ പിന്തുണ നൽകി നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു.

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഞ്ചിയമ്മയുടെ ജീവിതം പ്രമേയമാക്കി ഡോക്യുമെന്ററി ചെയ്യാമെന്ന സംഘത്തിന്റെ തീരുമാനം പിന്നീട് ഇരുളർ സമുദായത്തിന്റെ പാട്ടു ജീവിതത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയിൽ ഗോത്രവിഭാഗത്തോടൊപ്പം ജീവിച്ച മനോഹരമായ ഓർമ്മകളുടെ പുതുമ നഷ്ടപ്പെടും മുമ്പാണ് മേളയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നതെന്നും ഐഡിഎസ്എഫ്എഫ്കെ പോലൊരു സ്വപ്ന വേദി ആദ്യചിത്രത്തിന് ലഭിച്ചത് അസുലഭവസരമാണെന്നും രഞ്ജിത്തും ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരും പറഞ്ഞു. സംവിധായകൻ തന്നെ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന്റെ അണിയറയിൽ ആര്യ സി കെ, രാഗേന്ദു പി ആർ, വൈശാഖ് പി ശശി എന്നിവർ അടങ്ങുന്ന സംഘമാണുള്ളത്.