മറക്കാനാവത്ത
അനുഭവങ്ങൾ
സമ്മാനിച്ച 'ഒറഞ്ചു മരങ്ങളുടെ വീട്'-
പ്രകാശ് ബാരെ
സംസാരിക്കുന്നു..
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് പ്രകാശ് ബാരെ .സൂഫി പറഞ്ഞ കഥ, ഇവന് മേഘരൂപന്‍, കാറ്റ് വിതച്ചവര്‍, ഒരു ഇന്ത്യന്‍ പ്രണയ കഥ, തുടങ്ങിയ ധാരാളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിഖ്യാത സംവിധായകനും ദേശീയ പുരസ്ക്കാര ജേതാവുമായ ഡോ. ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ' ഓറഞ്ചു മരങ്ങളുടെ വീട്' പ്രകാശ് ബാരെയുടെ പുതിയ സിനിമയാണ്.
ചില സിനിമകൾ റിലീസ് ചെയ്യുമ്പോൾ അതൊരു പ്രൊഫഷണൽ യാത്ര മാത്രമല്ല, നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓർമ്മകളുടെയും ബന്ധങ്ങളുടെയും നേർക്കാഴ്ചയായി മാറുന്നു. അത്തരത്തിലുള്ള ഒന്നാണ് ഡോ. ബിജു സംവിധാനം ചെയ്ത 'ഓറഞ്ച് മരങ്ങളുടെ വീട്'.
ഈ സിനിമ എനിക്ക് വ്യക്തിപരമായി ഏറെ പ്രിയപ്പെട്ടതാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്,
ഒന്നാമതായി, എന്റെ ബാല്യകാലം മുതൽ ഞാൻ ആരാധിച്ച, മനസ്സിൽ പ്രതിഷ്ഠിച്ച ഇതിഹാസ താരം നെടുമുടി വേണുച്ചേട്ടനൊപ്പം സ്ക്രീൻ പങ്കിടാൻ എനിക്ക് സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം. 'തകര'യിലെ ചെല്ലപ്പനാശാരിയും, 'കള്ളൻ പവിത്രനും', 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ' സെയ്തലവിയും, 'വിടപറയും മുൻപെ'യിലെ സേവ്യറുമൊക്കെയായി എന്റെയുള്ളിൽ ഇന്നും ജീവിക്കുന്ന ആ വലിയ നടന്റെ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മകൻ 'ഡേവിസ്' ആയി അഭിനയിക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത ഒരു അനുഭവമാണ്.
രണ്ടാമതായി, പ്രിയപ്പെട്ട ബാലേട്ടനൊപ്പം (പി. ബാലചന്ദ്രൻ) ക്യാമറ പങ്കിടാനുള്ള അവസരം. എനിക്ക് സുഹൃത്തും വഴികാട്ടിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും മനോഹരമായ തിരക്കഥയായ 'ഇവൻ മേഘരൂപൻ' സാക്ഷാത്കരിക്കാൻ അദ്ദേഹം എന്നെയാണ് തിരഞ്ഞെടുത്തത്. അദ്ദേഹത്തിനൊപ്പം ഇനിയും എത്രയോ സിനിമകളിലും നാടകങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഞാൻ മോഹിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് അദ്ദേഹം നമ്മെ വിട്ടുപിരിയുന്നതിന് മുമ്പ് ഒരുമിച്ച് അഭിനയിക്കാൻ ലഭിച്ച ആദ്യത്തെയും അവസാനത്തെയുമായി ഒരേയൊരു അവസരമായിരുന്നു ഇത്.
മൂന്നാമതായി, മലയാള നാടകവേദിയിലെ ഒട്ടനവധി പ്രതിഭകളായ ഗുരുക്കന്മാരും സുഹൃത്തുക്കളുമായ വലിയൊരു നാടക സംഘത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത്. വേണുച്ചേട്ടനും ബാലേട്ടനും ഒപ്പം ജയപ്രകാശ് കുളൂർ, ദീപൻ ശിവരാമൻ, കൃഷ്ണൻ ബാലകൃഷ്ണൻ, അനൂപ് ചന്ദ്രൻ, സഞ്ജു തുടങ്ങി ഒട്ടേറെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ആ അഭിനയനുഭവം വാക്കുകൾക്ക് അതീതമാണ്.
ചിത്രത്തിന്റെ ചെറിയൊരു പശ്ചാത്തലം ഇങ്ങനെയാണ് ,
ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ സാമുവൽ (നെടുമുടി വേണു), തനിക്ക് എവിടെയോ നഷ്ടപ്പെട്ടുപോയ സ്വന്തം ആത്മാവിന്റെ ഒരു ഭാഗം തേടുകയാണ്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മകൻ ഡേവിസിന്റെ നിർബന്ധത്തിനു വഴങ്ങി നഗരത്തിലെ ഒരു ഫ്ലാറ്റിൽ കഴിയേണ്ടിവരുന്ന അയാൾക്ക് ജീവിതം വീർപ്പുമുട്ടലാകുന്നു. തുടർന്ന് അപ്രതീക്ഷിതമായി സാമുവലിന് സംഭവിക്കുന്ന ഒരു അപകടത്തെത്തുടർന്ന് ഡേവിസും മകൻ സ്റ്റീവും (ഗോവർദ്ധനൻ) നാട്ടിലെത്തുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആശുപത്രി കിടക്കയിൽ നിന്ന് സാമുവൽ അപ്രത്യക്ഷനാകുന്നു - കൂട്ടിന് കൊച്ചുമകൻ സ്റ്റീവും അവിടെനിന്ന് ചിത്രം തികച്ചും ഉദ്വേഗജനകമായ ഒരു റോഡ് മൂവിയായി മാറുകയാണ്.
ഈ സിനിമ സംസാരിക്കുന്ന പ്രമേയവും ഇക്കാലത്ത് ഏറെ പ്രസക്തമാണ്. പ്രായമാകുന്ന മാതാപിതാക്കളെ നമ്മൾ എങ്ങനെ പരിപാലിക്കുന്നു എന്നത് വിദേശത്ത് കഴിയുന്ന നമ്മളിൽ പലരുടെയും വലിയൊരു ആധിയാണ്. വയോജനങ്ങളുടെ സംരക്ഷണത്തിനായി കേരള സർക്കാർ പുതിയൊരു വകുപ്പ് തന്നെ രൂപീകരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ വിഷയം എത്രമാത്രം ഗൗരവമുള്ളതാണെന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. പ്രായമാകുന്ന മനുഷ്യരോട് നമ്മൾ എങ്ങനെ പെരുമാറുന്നു, അവരുടെ ഓർമ്മകളെയും ആഗ്രഹങ്ങളെയും സ്വാതന്ത്ര്യത്തെയും എത്രമാത്രം മാനിക്കുന്നു എന്ന വലിയ ചോദ്യമാണ് ഈ സിനിമ ഉയർത്തുന്നത്.
ഈ ചിത്രം മാതാപിതാക്കൾക്കും മക്കൾക്കും ഒരുപോലെ ഹൃദയത്തോട് ചേർത്തുപിടിക്കാൻ കഴിയുന്ന ഒന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഡോ.ബിജു എന്റെ ദീര്‍ഘകാല സുഹൃത്താണ്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളിലും ചെറിയ വേഷങ്ങളിലാണെങ്കില് പോലും ഞാന്‍ പങ്കാളിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമാ യാത്രകളില്‍ ഞാനുമൊരു സഹയാത്രികനാണ്. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും വിശ്വാസ വഞ്ചന പ്രകടിപ്പിക്കാതിരിക്കുകയുമാണ് ഡോ. ബിജുവിന്റെ വ്യക്തിപരമായ സവിശേഷതയായി ഞാന്‍ കാണുന്നത്. ഞങ്ങളുടെ രണ്ട് പേരുടേയും സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് പരസ്പര ബഹുമാനത്തടെ സത്യസന്ധമായും ഒരുമിച്ച് ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. അതില്‍ ഞങ്ങള്‍ രണ്ടുപേരും സംതൃപ്തരാണ്.