സത്യസന്ധരായിരിക്കുക എന്നതാണ് സ്വതന്ത്ര സംവിധായകരോട് പറയാനുള്ളത് - കനു ബേൽ

 

അവനവനോട് സത്യസന്ധത പുലർത്തുക എന്നതാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരുന്ന സംവിധായകരോട് പറയാനുള്ളതെന്ന് കനു ബേൽ പറഞ്ഞു. പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഹൃസ്വ ചിത്ര മേളയിലെ ഇൻ കോൺവെർസേഷനിൽ ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.പല വിഷയങ്ങളും ചർച്ച ചെയ്യാനുള്ള മടി  ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഈ ഒരു പ്രവണത  തന്റെ മനസിലുള്ള കഥ പറയുന്നതിൽ നിന്ന് തന്നെ സ്വയം വിലക്കേർപ്പെടുത്തുന്നതിൽ വരെ കലാശിച്ചെന്നും അതിൽ നിന്നും പുറത്തു വരുവാൻ വളരെയധികം സമയം എടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. 

സമൂഹത്തെ സംബന്ധിക്കുന്ന പൊതുവിഷയമായിട്ടും ലൈംഗികത ചർച്ച ചെയ്യപ്പെടാറില്ല. അതാണ്  'ആഗ്ര' എന്ന ചിത്രത്തിലൂടെ സംസാരിക്കുന്നത് എന്നും അതിൽ തന്റെ ആത്മകഥാംശം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  'ആഗ്ര' 2023 കാൻസ് ചലച്ചിത്ര മേളയിലെ ഡയറക്ടേഴ്സ് ഫോർട്ട് നൈറ്റ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ആദ്യ ചിത്രമായ തിത്തിലിക്ക് ശേഷം ആഗ്ര പൂർത്തിയാക്കുവാൻ എടുത്ത ഇടവേളയ്ക്ക് കാരണം പ്രമേയത്തിലെ  സങ്കീർണതകളും നിർമ്മാണച്ചിലവ് കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുമായിരുന്നുവെന്നും  അദ്ദേഹം പറഞ്ഞു. കനു ബേലിൻ്റെ ബിന്നു ക സപ്ന എന്ന ചിത്രം ജൂറി ഫിലിംസ് വിഭാഗത്തിൽ മേളയിൽ പ്രദർശിപ്പിച്ചിരുന്നു.