പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

കേരള പൊതുജനാരോഗ്യ നിയമം: സംസ്ഥാനതല സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു
 

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡീകരിച്ചും പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികള്‍ കണക്കിലെടുത്ത് കാലികമായ മാറ്റങ്ങള്‍ വരുത്തിയുമാണ് പൊതുജനാരോഗ്യ നിയമം യഥാര്‍ത്ഥ്യമാക്കിയത്. ഏകാരോഗ്യത്തിന് പ്രാധാന്യം നല്‍കി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടുള്ള സമഗ്രമായ കാര്യങ്ങളാണ് പൊതുജനാരോഗ്യ നിയമത്തിലുള്ളത്. നിയമം അനുശാസിക്കുന്ന സംസ്ഥാനതല പൊതുജനാരോഗ്യ സമിതിയും ജില്ലാതല സമിതികളും പ്രാദേശിക സമിതികളും കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അതത് പ്രദേശത്തെ പകര്‍ച്ചവ്യാധികള്‍ കൃത്യമായി വിലയിരുത്തുകയും പ്രതിരോധ നടപടി സ്വീകരിക്കേണ്ടതുമാണ്. മഴക്കാലം മുന്നില്‍ കണ്ട് ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. മഴക്കാല പൂര്‍വ ശുചീകരണത്തിനും പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കേരള പൊതുജനാരോഗ്യ നിയമത്തിന്റെ വിജ്ഞാപനം ഇറങ്ങിയതിന് ശേഷമുള്ള സംസ്ഥാനതല സമിതിയുടെ ആദ്യ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആരോഗ്യവകുപ്പ് മന്ത്രി അധ്യക്ഷയായ സംസ്ഥാന സമിതിയില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഉപാദ്ധ്യക്ഷനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്. തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണര്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമാണ്.

പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിലേയ്ക്കായി സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ യഥാക്രമം സംസ്ഥാന, ജില്ലാ, പ്രാദേശിക പൊതുജനാരോഗ്യ സമിതികള്‍ അടിയന്തരമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ആരോഗ്യ മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിയ്ക്കുന്നതിന് അതത് കാലങ്ങളില്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന കര്‍മ്മ പരിപാടികള്‍ അതത് തലങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട് എന്നുള്ളത് സമിതികള്‍ വിശകലനം ചെയ്യേണ്ടതും ഉറപ്പുവരുത്തേണ്ടതുമാണ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാര്‍ കുറഞ്ഞത് 3 മാസത്തിലൊരിയ്ക്കലെങ്കിലും സമിതി മുമ്പാകെ വയ്‌ക്കേണ്ടതും അതതു തലങ്ങളിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ സമിതി അവലോകനം ചെയ്യേണ്ടതുമാണ്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി ഉറപ്പ് വരുത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.