ഒമിക്രോണ്‍: നിയന്ത്രണം കടുപ്പിച്ച് രാജ്യങ്ങള്‍
കോവിഡ് വകഭേദമായ ഒമിക്രോണ് കൂടുതല് രാജ്യങ്ങളില് കണ്ടെത്തി. വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ ഈ വകഭേദത്തെ ചെറുക്കാന് അതിര്ത്തികള് അടച്ചും നിരീക്ഷണം ശക്തമാക്കിയും ലോകരാജ്യങ്ങള് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നു. ദക്ഷിണാഫ്രിക്കയിലേക്ക് കൂടുതല് രാജ്യങ്ങള് യാത്രാനിരോധനം ഏര്പ്പെടുത്തി. കഴിഞ്ഞ 24നനാണ് ദക്ഷിണാഫ്രിക്കയില് ഒമിക്രോണ് സ്ഥിരീകരിച്ചത്. ബോട്സ്വാന, ബെല്ജിയം, ഹോങ്കോങ്, ഇസ്രായേല് എന്നിവിടങ്ങള്ക്ക് പിന്നാലെ ജര്മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോണ് സ്ഥിരീകരിച്ചു. ഇസ്രായേല് അവരുടെ രാജ്യാന്തര അതിര്ത്തികള് അടച്ചു.
കോവിഡ് സ്ഥിതി രൂക്ഷമായ യൂറോപ്യന് രാജ്യങ്ങളില് അതിവേഗ വ്യാപനശേഷിയുള്ള വൈറസ് എത്തിയത് സ്ഥിതി സങ്കീര്‍ണമാക്കി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലാന്‍സിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാര്‍ ഒമിക്രോണ്‍ ഭീതിയിലാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നെതര്‍ലാന്‍ഡ്‌സില്‍ ഭാഗിക അടച്ചിടല്‍ ഏര്‍പ്പെടുത്തി.
പുതിയ വകഭേദത്തെ കണ്ടെത്തിയതിന്‍റെ പേരില്‍ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തി ശിക്ഷിക്കരുതെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഒമിക്രോണ്‍ ഇതിനോടകം മറ്റിടങ്ങളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാം എന്നതിനാല്‍ യാത്രാനിരോധനങ്ങളില്‍ കഴമ്പില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.