ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം
കൊച്ചി: ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് നിർണായക മുന്നേറ്റമായി ടകെഡ ബയോഫാർമസ്യൂട്ടിക്കൽസ് ക്യുഡെങ്ക (റ്റിഎകെ- 003) എന്ന ഡെങ്കി വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി സി ജി ഐ ) വിപണനാനുമതി നൽകി. ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന ആദ്യ ഡെങ്കി വാക്സിനാണിത്.
4 മുതൽ 60 വയസ്സുവരെയുള്ളവർക്ക് ഉപയോഗിക്കാവുന്ന ഈ വാക്സിൻ, മുൻപ് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന പരിശോധന കൂടാതെ സ്വീകരിക്കാം. നാല് ഡെങ്കി വൈറസ് സെറോടൈപ്പുകൾക്കെതിരെയും സംരക്ഷണം നൽകുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റിപ്പോർട്ട് ചെയ്യുന്ന ഡെങ്കിപ്പനി കേസുകൾ 11 മടങ്ങ് വർധിച്ച സാഹചര്യത്തിലാണ് അനുമതി. ആഗോള ഡെങ്കി ബാധയുടെ ഏകദേശം മൂന്നിലൊന്ന് ഇന്ത്യയിലാണ് രേഖപ്പെടുത്തുന്നത്. 2025-ൽ രാജ്യത്ത് 1.13 ലക്ഷത്തിലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.
28,000-ത്തിലധികം പേരെ ഉൾപ്പെടുത്തി നടത്തിയ ആഗോള ക്ലിനിക്കൽ പഠനങ്ങളുടെയും ഇന്ത്യൻ ഫേസ്-3 പരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് വാക്സിൻ നൽകുന്നത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന ഈ വാക്സിന് ഇന്ത്യ ഉൾപ്പെടെ 43 രാജ്യങ്ങളിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ആഗോളതലത്തിൽ 3.2 കോടിയിലധികം ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
“ഇന്ത്യയിൽ ഡെങ്കിപ്പനി ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. എല്ലാ നാല് ഡെങ്കി വൈറസ് സെറോടൈപ്പുകൾക്കും എതിരായ സംരക്ഷണം നൽകുന്ന ക്യുഡെങ്കയുടെ അംഗീകാരം രാജ്യത്തെ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കും. പൊതുജനാരോഗ്യ അധികൃതരുമായി ചേർന്ന് വാക്സിന്റെ ലഭ്യതയും സമതുലിതമായ വിതരണവും ഉറപ്പാക്കാൻ ടകെഡ പ്രതിജ്ഞാബദ്ധമാണ്,” എന്ന് ടകെഡ ഇന്റർകോണ്ടിനെന്റൽ മാർക്കറ്റ്സ് ഹെഡ് ഡോ. മഹേന്ദർ നായക് പറഞ്ഞു.