വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ, കൊവാക്സീൻ നിർമ്മാണ സാങ്കേതികവിദ്യ വിദേശ രാജ്യങ്ങൾക്ക് കൈമാറാൻ നീക്കം
കൊവാക്സിൻ വിദേശത്ത് ഉത്പാദിപ്പിക്കുന്നതിന്റെ സാദ്ധ്യത തേടി ഇന്ത്യ. താത്പര്യമുളള വിദേശരാജ്യങ്ങളിലെ കമ്പനികൾക്ക് ഫോർമുല കൈമാറുന്നത് ആലോചനയിലാണെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കി. ഉൽപ്പാദനം കൂട്ടാനുള്ള മാർഗ്ഗം എന്ന നിലയിലാണ് സാങ്കേതിക വിദ്യ കൈമാറ്റം ആലോചിക്കുന്നത്. വിദേശ രാജ്യത്തെ കമ്പനികളുമായി ഇതിനുളള ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.ബ്രിട്ടീഷ് കമ്പനിയായ അസ്ട്രാസെനക്കയിൽ നിന്ന് സാങ്കേതിക വിദ്യ വാങ്ങിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കൊവിഷീൽഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും കൊവാക്സിൻ അടിയന്തര ഉപയോഗാനുമതി നേടുന്നതിന്റെ പ്രക്രിയ പുരോഗമിക്കുകയാണ്.മെക്സിക്കോ, ഫിലിപ്പൈൻസ്, ഇറാൻ, പരാഗ്വേ, ഗ്വാട്ടിമാല, നിക്കരാഗ്വ, ബോട്സ്വാന, സിംബാവേ തുടങ്ങിയ രാജ്യങ്ങളിൽ കൊവാക്‌സിൻ ഉപയോഗത്തിന് അനുമതിയുണ്ട്.വിദേശത്ത് നിന്ന് വാക്സീൻ നിർമ്മിച്ച് ഇറക്കുമതി നടത്താനായാൽ നിലവിലെ ദൗർലഭ്യത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ഭാരത് ബയോടെക്കും, ഐസിഎംആറും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് കൊവാക്സീൻ വികസിപ്പിച്ചത്.