വൈറല്‍ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്ത്: മന്ത്രി വീണാ ജോര്‍ജ്

ജൂലൈ 28 ലോക ഹെപ്പെറ്റെറ്റിസ് ദിനം വൈറല് ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. 2030 ഓടെ ഈ രോഗം ലോകത്ത് നിന്നുതന്നെ നിവാരണം ചെയ്യുകയാണ് സുസ്ഥിര വികസന ലക്ഷ്യം. പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വര്ധനവ് തടയുകയും ഹെപ്പെറ്റെറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള കുഞ്ഞുങ്ങളില് ഹെപ്പെറ്റെറ്റിസ് രോഗബാധ 0.1 ശതമാനത്തില് താഴെ കൊണ്ടുവരേണ്ടതാണ്. ഈ ലക്ഷ്യം
 

ജൂലൈ 28 ലോക ഹെപ്പെറ്റെറ്റിസ് ദിനം

വൈറല്‍ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടെ ഈ രോഗം ലോകത്ത് നിന്നുതന്നെ നിവാരണം ചെയ്യുകയാണ് സുസ്ഥിര വികസന ലക്ഷ്യം. പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വര്‍ധനവ് തടയുകയും ഹെപ്പെറ്റെറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ ഹെപ്പെറ്റെറ്റിസ് രോഗബാധ 0.1 ശതമാനത്തില്‍ താഴെ കൊണ്ടുവരേണ്ടതാണ്. ഈ ലക്ഷ്യം നേടാന്‍ ജനനത്തില്‍ തന്നെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഹെപ്പറ്റെറ്റിസ് ബി-യ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. രോഗബാധിതരായ അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനനത്തില്‍ തന്നെ ഇമ്മ്യുണോഗ്ലോബുലിനും നല്‍കേണ്ടതാണ്. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ മുഖേന അടുത്ത തലമുറയിലേക്ക് രോഗ പകര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ കോവിഡ് സാഹചര്യത്തില്‍ ലോക ഹെപ്പറ്റെറ്റിസ് ദിനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. ഹെപ്പെറ്റൈറ്റിസ് ബി രോഗാണുവിനെ കണ്ടെത്തുകയും, രോഗനിര്‍ണയത്തിനായുള്ള പരിശോധന, പ്രതിരോധ കുത്തിവയ്പ് എന്നിവ കണ്ടെത്തുകയും ചെയ്ത നോബല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞന്‍ ഡോ. ബറൂച്ച് ബ്ലുംബര്‍ഗിന്റെ ജന്മദിനമായ ജൂലൈ 28നാണ് ലോക ഹെപ്പറ്റെറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഹെപ്പറ്റൈറ്റിസ് കാത്തിരിക്കാനാവില്ല’ (Hepatitis can’t wait) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഈ രോഗത്തെ നമ്മുടെ രാജ്യത്തു നിന്ന് നിവാരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വൈകാന്‍ പാടില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. ഹെപ്പെറ്റെറ്റിസ് വിമുക്ത ഭാവി ജനതയ്ക്കായി ടെസ്റ്റ്, ട്രെയിസ്, ട്രീറ്റ് എന്നിവയുമായി മുന്നോട്ട് പോകേണ്ടതാണ്.

എല്ലാ ഗര്‍ഭിണികളെയും ഹെപ്പെറ്റൈറ്റിസ് ബി, സി എന്നീ വൈറസ് കണ്ടെത്തുന്നതിന്നുളള ദ്രുത പരിശോധനകള്‍ ചെയ്ത് അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സേവനങ്ങള്‍ ഉറപ്പു വരുത്തണം. തീവ്ര രോഗ ബാധയുണ്ടാകാന്‍ ഇടയുള്ളവരും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. ഇപ്പോള്‍ ഹെപ്പെറ്റൈറ്റിസ് ബി-യ്ക്കും സി-യ്ക്കും ചികിത്സയ്ടക്കുള്ള മരുന്നുകള്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ ചികിത്സാ കേന്ദ്രങ്ങളാണ്.

ഹെപ്പെറ്റെറ്റിസ് എ-യും ഇ-യും മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. എന്നാല്‍ ഹെപ്പെറ്റെറ്റിസ് ബി-യും സി-യും രക്തം, ശരീര സ്രവങ്ങള്‍, യോനീസ്രവം, രേതസ്സ് എന്നിവയിലൂടെയാണ് പകരുന്നത്.