ഒരു കമ്മ്യൂണിസ്റ്റ് കാലഘട്ടം വിടവാങ്ങുന്നു;

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുക കുടുംബാംഗങ്ങളും 12 നേതാക്കളും
 


കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപ യാത്ര പയ്യാമ്പലത്തേക്ക്. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കള്‍ കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് മൂന്നു മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം. കുടുംബാംഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കുമാണ് പങ്കെടുക്കാനാകുക.ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. പയ്യാമ്പലം പാര്‍ക്കിലെ ഓപ്പണ്‍ സ്‌റ്റേജിലാണ് അനുശോചനയോഗം ചേരുക.


തലശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ഞായര്‍ രാത്രി പത്തോടെയാണ് വീട്ടിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നേതാക്കളും എംഎല്‍എമാരും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെയാണ് എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നാരംഭിച്ച വിലാപയാത്ര കടന്നുപോയ വഴികളിലാകെ പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടച്ചിടും.