മു​ഴു​വ​ൻ​സ​മ​യ റോ​ഡ് സേ​ഫ്റ്റി കമ്മീ​ഷ്​ണ​റെ നി​യ​മി​ക്ക​ണം

ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ​ക്ക് റോ​ഡ് സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ ചു​മ​ത​ല​കൂ​ടി ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു

 
സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിൽ സമഗ്ര അഴിച്ചുപണി നടത്തണമെന്ന നിർദേശവുമായി ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി. ആർടിഒ സബ്-റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് എന്നിവിടങ്ങളിലെ മോട്ടോർ വാഹന ഇൻസ്പെക്ടർമാർക്കും, അസിസ്റ്റന്റ് ഇൻസ്പെക്ടർമാർക്കും ദിവസവും ആറു മണിക്കൂർ എൻഫോഴ്സ്മെന്റ് ഡ്യൂട്ടി ന‌ൽകണം. റോഡ് സുരക്ഷ കമീഷണറുടെയും ബന്ധപ്പെട്ട റീജനൽ ട്രാൻസ്പോർട്ട് ഓഫിസറുടെയും (എൻഫോഴ്സ്മെന്റ്) കീഴിലേക്ക് ഇവരെ മാറ്റണമെന്നും ശുപാർശയുണ്ട്. വ‍‍ടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റോഡുകൾ സംബന്ധിച്ച കേസിലാണ് ഹൈകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.


900ലേറെയുള്ള എൻഫോഴ്സ്മെന്റ് ഓഫിസർമാരെയും എൻഫോഴ്സ്മെന്റ് ജോലിക്കായുള്ള 120 വാഹനങ്ങളെയും പൂർണമായും റോഡ് സുരക്ഷ അതോറിറ്റിയുടെയും റോഡ് സുരക്ഷ കമീഷണറുടെയും കീഴിൽ കൊണ്ടുവരണം. ഇൻസ്പെക്ടർമാർക്ക് ക്ലറിക്കൽ ഉൾപ്പെടെ ജോലികൾ നൽകുന്നത് നിർത്തണം. മുഴുവൻസമയ റോഡ് സേഫ്റ്റി കമീഷണറെ നിയമിക്കണം. ട്രാൻസ്പോർട്ട് കമീഷണർക്ക് റോഡ് സുരക്ഷ കമീഷണറുടെ ചുമതലകൂടി നൽകുന്നത് അവസാനിപ്പിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.


റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകൾ, എൻഫോഴ്സ്മെന്റ് ഡ്യൂട്ടിക്ക് മാത്രമുള്ള 'സേഫ് കേരള' സ്ക്വാഡ്സ് എന്നിവ റോഡ് സുരക്ഷ കമീഷണറുടെ കീഴിലാക്കണം. 2018 ജൂൺ നാലിലെ ഉത്തരവ് പ്രകാരം സേഫ് കേരള പദ്ധതിയെ റോഡ് സുരക്ഷ അതോറിറ്റിയുടെ കീഴിലാക്കിയിരുന്നു. 2018 ജൂൺ 16ലെ ഉത്തരവനുസരിച്ച് ട്രാൻസ്പോർട്ട് കമീഷണറുടെ കീഴിലുമാക്കിയെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.