ചാൻസലർ ബിൽ; ഒറ്റ ചാൻസലർ വേണം

ബദൽ നിർദ്ദേശവുമായി പ്രതിപക്ഷം
 

ചാൻസലർ ബില്ലിൽ എല്ലാ സർവകലാശാലകൾക്കും ഒരൊറ്റ ചാൻസലർ എന്ന ബദൽ നിർദ്ദേശവുമായി പ്രതിപക്ഷം. വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലറാകണം. നിയമനത്തിന് പ്രത്യേക സമിതി ഉണ്ടാക്കണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാൻസലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിർദ്ദേശിക്കും.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമസഭ ഇന്ന് പാസാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബിൽ ഇന്ന് ചർച്ച ചെയ്ത് പാസാക്കും.  ഗവർണർക്ക് പകരം പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലർമാരാക്കണമെന്നാണ് ബില്ലിൽ പറയുന്നത്.  വിസി ഇല്ലെങ്കിൽ, പകരം പ്രോ-വിസിക്കോ മറ്റ് യൂണിവേഴ്സിറ്റി വിസികൾക്കോ ഉത്തരവാദിത്തം നൽകുമെന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ.

ഇത് യു.ജി.സി മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ വിസി ഇല്ലെങ്കിൽ ചാൻസലറും പ്രോ ചാൻസലറും ചേർന്ന് ആലോചിച്ച് പകരം സംവിധാനം എന്നും ഭേദഗതി വരുത്തിയിട്ടുണ്ട്. ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പിടില്ല. നേരത്തെ സമാനമായ ഉപാധികളോടെ പുറപ്പെടുവിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നില്ല. ബില്ലിൽ ഒപ്പിടാത്തതിന് ഗവർണർക്കെതിരെ നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടം ശക്തമാക്കാനാണ് സർക്കാരിന്റെ നീക്കം.