കേരളത്തിലെ ആദ്യ ട്രമ്പറ്റ് ജംഗ്ഷൻ കോഴിക്കോട് വരുന്നു. നവംബർ 25-നാണ് ടെൻഡർ തുറക്കുന്നത്

 

ജങ്ഷനുകളിൽ വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോവാൻ വിദേശരാജ്യങ്ങളിലെ മാതൃകയിൽ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട് വരുന്നു. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസും നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഹൈവേയും വന്നുചേരുന്ന പന്തീരാങ്കാവിനടുത്ത് ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റർചേഞ്ച് പണിയുന്നത്.



ഒരു ദിശയിൽനിന്നുവരുന്ന വാഹനങ്ങൾക്ക് മറ്റുവാഹനങ്ങളെ മറികടക്കാതെ ഏതുഭാഗത്തേക്കും പോവാൻ കഴിയുമെന്നതാണ് സവിശേഷതയെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു.മേൽപ്പാലങ്ങളിലൂടെയായിരിക്കും വാഹനങ്ങൾ ചുറ്റിത്തിരിഞ്ഞുപോവുക. ഇരിങ്ങല്ലൂർ നാലു ചെറിയ മേൽപ്പാലങ്ങളും (ലൂപ്പ്) ഒരു വലിയ മേൽപ്പാലവും വരും. കോഴിക്കോട് ബൈപ്പാസിലാണ് വലിയ മേൽപ്പാലമുണ്ടാവുക.



കോഴിക്കോട് ജില്ലയിൽ ഇരിങ്ങല്ലൂരിനും വാഴയൂരിനുമിടയിലാണ് പുതിയ പാലക്കാട് -കോഴിക്കോട് ഹൈവേ വരുന്നത്.  ഈ എട്ടുകിലോമീറ്ററിന് സ്ഥലമെടുപ്പ് പൂർത്തിയാവുന്നതിന് മുമ്പുതന്നെ ടെൻഡർനടപടി തുടങ്ങി.നവംബർ 25-നാണ് ഈ ഭാഗത്തിന്റെ ടെൻഡർ തുറക്കുന്നത്. അതോടൊപ്പം 1627.04 കോടിരൂപ ചെലവുവരുന്ന കാരക്കൂന്നുമുതൽ വാഴയൂർവരെയും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. നവംബർ 30-നാണ് ടെൻഡർ തുറക്കുക. മൂന്നുജില്ലകളിലായി 547 ഹെക്ടറാണ് പുതിയ ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്നത്