'ആറ് വര്‍ഷം, മുന്നൂറ് പേര്‍'; ഓപ്പറേഷന്‍ പി ഹണ്ടില്‍ പിടിയിലായവരുടെ വിചാരണ തുടങ്ങുന്നു

 

കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ലക്ഷ്യമിട്ട് കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടില്‍ പിടിയിലായവരുടെ വിചാരണ ഈ വര്‍ഷം ആരംഭിക്കും. വിവിധ തവണയായി കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടത്തിയ പരിശോധനകളില്‍് പിടിയിലായ മുന്നൂറ് പേരുടെ വിചാരണയാണ് ആരംഭിക്കുന്നത്. പോക്‌സോ സ്‌പെഷ്യല്‍ കോടതികളിലാണ് വിചാരണ നടത്തുക.

കേരള പൊലീസിന്റെ സൈബര്‍ ഡോം, കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ പി ഹണ്ട് പുരോഗമിക്കുന്നത്. സൈബറിടങ്ങളില്‍ ഇത്തരം നടപടികളില്‍ പങ്കാളികളാവുന്നവരെ തുടര്‍ച്ചയായി നീരീക്ഷിച്ച ശേഷമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്.

നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമാണ് ഓപ്പറേഷന്‍ പി ഹണ്ട് ഏകോപിപ്പിക്കുന്നത്.

ഐ.ടി മേഖലയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ജോലി നോക്കുന്നവരാണ് നിലവിലെ കേസുകളില്‍ പ്രതികളില്‍ ഭൂരിഭാഗവും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവര്‍ ദൃശ്യങ്ങള്‍ അയച്ചിരുന്നതും സ്വീകരിച്ചിരുന്നതും. ഇതിനായി ടെലിഗ്രാം, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും പ്രതികള്‍ ഉപയോഗപ്പെടുത്തിയിരുന്നതായും പരിശോധനകളില്‍ കണ്ടെത്തിയിരുന്നു.