നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കും; കെ.സുധാകരൻ

 

പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന പരസ്യ പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസിന്‍റെ സ്ഥിരതയെ ബാധിക്കുന്ന ഏതൊരു നടപടിയും ഗുരുതരമായ അച്ചടക്ക ലംഘനമായി കാണും. ഇത്തരം പ്രവണതകൾ ഒരു കാരണവശാലും സഹിക്കില്ലെന്നും കെ.പി.സി.സിയുടെ കർശന നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പാർട്ടി അച്ചടക്കം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സുധാകരൻ പറഞ്ഞു.

അതേസമയം പത്തനംതിട്ട കോൺഗ്രസിലെ വിഭാഗീയതയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സി.പി.എമ്മിന്‍റെ നീക്കം. അസംതൃപ്തരായ കോൺഗ്രസ് നേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. തർക്കത്തിലായ കോൺഗ്രസ് നേതാക്കളുമായി സി.പി.എം നേതൃത്വം ചർച്ച തുടങ്ങി. തർക്കങ്ങൾ മൂർദ്ധന്യാവസ്ഥയിലായ പത്തനംതിട്ടയിൽ കോൺഗ്രസ് നേതൃത്വവുമായി അകലം പാലിക്കുന്നവരുമായി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നേരിട്ട് ചർച്ച നടത്തുകയാണ്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്‍റെ ബൂത്ത്, മണ്ഡലം, ബ്ലോക്ക് ഭാരവാഹികളും മാതൃസംഘടനയുടെ ചുമതലയുള്ളവരും ഉൾപ്പെടെ 150 ഓളം പേർ സി.പി.എമ്മിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ചർച്ചകൾ. നേരത്തെ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന ഫിലിപ്പോസ് തോമസ് അടക്കമുള്ള നേതാക്കളിലൂടെയാണ് സി.പി.എമ്മിന്‍റെ കടന്നുകയറ്റം. അതൃപ്തി പരസ്യമാക്കിയവരിൽ ചിലരുമായുള്ള ചർച്ച പൂർത്തിയായി. ഡി.സി.സി ജനറൽ സെക്രട്ടറിമാർ, ചില മുനിസിപ്പൽ കൗൺസിലർമാർ എന്നിവരും പട്ടികയിലുണ്ട്. പ്രമുഖർക്കും സുപ്രധാന പദവികൾ വാഗ്ദാനം ചെയ്തതായാണ് സൂചന. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ജില്ലയിൽ എത്തുമ്പോൾ ആ വേദിയിൽ ഒരു കൂട്ടം കോൺഗ്രസുകാരെ അണിനിരത്താനാണ് സാധ്യത. കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായിട്ടും കെ.പി.സി.സി നേതൃത്വം ഇടപെടാത്തതാണ് അസംതൃപ്തരുടെ കൊഴിഞ്ഞുപോക്കിന് കാരണം.