ബ്രഹ്മപുരം തീപിടുത്തം; ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവി

 

 ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നാവികസേന. ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണവിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, നഗരത്തിലെ മാലിന്യ നിർമാർജനം നിശ്ചലമായി.

ഒന്നര ദിവസം പിന്നിടുമ്പോഴും ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലെ തീ ഇപ്പോഴും കത്തുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകൾ കെടാത്തതാണ് പ്രതിസന്ധി. അഗ്നിശമന സേനയ്ക്ക് പുറമെ നാവികസേനയുടെയും ബിപിസിഎല്ലിന്‍റെയും 25 യൂണിറ്റും ബ്രഹ്മപുരത്തുണ്ട്. എഎൽഎച്ച്, സീ കിംഗ് ഹെലികോപ്റ്ററുകളിലും നാവികസേന വെള്ളം തളിക്കുന്നുണ്ട്. 600 ലിറ്റർ വെള്ളമാണ് ഒറ്റയടിക്ക് ആകാശത്ത് നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്.

ഇന്നലെ പകൽ അണച്ച തീ രാത്രിയോടെ വീണ്ടും മാലിന്യക്കൂമ്പാരത്തിലേക്ക് പടർന്നു. ഇതോടെ ബ്രഹ്മപുരത്ത് നിന്നുള്ള പുക രാവിലെ കൊച്ചി നഗരത്തിലെ വൈറ്റില മുതൽ തേവര വരെയുള്ള പ്രദേശങ്ങളിൽ എത്തി. ബ്രഹ്മപുരത്തേക്ക് മാലിന്യവണ്ടികൾ കയറ്റാൻ കഴിയാത്തതിനാൽ നഗരത്തിലെ വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നുമുള്ള മാലിന്യ ശേഖരണം നിർത്തിവച്ചിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടാനായിരുന്നു തീരുമാനം.