ബ്രഹ്മപുരം വിഷയം; നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി

 

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൻ്റെ ഫലമായുണ്ടായ പുക എത്രകാലം സഹിക്കണമെന്ന് ഹൈക്കോടതി. ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സംഭവസ്ഥലത്ത് കോടതി ഒരു നിരീക്ഷണ സമിതിയെ നിയമിച്ചു.

കളക്ടർ, ലീഗൽ സർവീസസ് അതോറിറ്റി അംഗങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സമിതി. ഖരമാലിന്യ സംസ്കരണത്തിന് ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ സർക്കാരിന് നിർദേശം നൽകിയ കോടതി നാളെ മുതൽ കൊച്ചിയിൽ മാലിന്യ നിർമാർജനം പുനരാരംഭിക്കണമെന്നും നിർദ്ദേശിച്ചു.

മാലിന്യ സംസ്കരണത്തിലെ പുരോഗതി വിലയിരുത്താൻ ഹൈക്കോടതി സമിതിയെ അയക്കും. പുക കാരണം ജഡ്ജിമാർക്കും ജീവനക്കാർക്കും തലവേദന അനുഭവപ്പെട്ടതായും കോടതി പറഞ്ഞു. ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചതായി കൊച്ചി കോർപ്പറേഷൻ കോടതിയെ അറിയിച്ചപ്പോൾ ബ്രഹ്മപുരത്തെ സ്ഥിതി ഓൺലൈനിൽ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു. ബ്രഹ്മപുരത്തെ ആറ് ഇടങ്ങളിൽ തീ അണച്ചതായും രണ്ടിടത്ത് പുക ഉയരുന്നതായും കോർപ്പറേഷൻ അറിയിച്ചു.