ചാച്ചാജിയുടെ ഓർമ്മകൾ കുട്ടികൾക്ക് എന്നും കരുത്ത്: മന്ത്രി രമേശ് ചെന്നിത്തല

 

കുട്ടികളാണ് ഭാവിയുടെ കരുത്തും രാജ്യത്തിന്റെ ശക്തിയെന്നുമുള്ള നെഹ്രുവിന്റെ ഇളം തലമുറയെപ്പറ്റിയുള്ള കാഴ്ചപ്പാടാണ് ഓരോ ശിശുദിനവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനാഘോഷം വർണ്ണോത്സവം 2026 ന്റെ പുരസ്കാര വിതരണ ചടങ്ങ് ശിശുക്ഷേമ സമിതി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ വിദ്യാഭ്യാസത്തിലും ഒപ്പം സംസ്കാരത്തിലും വളർത്തി വലുതാക്കിയാൽ അത് രാജ്യത്തിന് വളരെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളോട് ഏറ്റവും അടുത്ത് നിന്ന നേതാവായിരുന്നു ജവഹർലാൽ നെഹ്രു. കുട്ടികൾ അദ്ദേഹത്തെ സ്നേഹത്തോടെ ചാച്ചാജി എന്നാണ് വിളിച്ചിരുന്നത്. ആ സ്നേഹവും കരുതലും തന്നെയാണ് ഇന്നും ശിശുദിനത്തിന്റെ ആത്മാവ്.

ഇന്നത്തെ കാലത്ത് കുട്ടികൾ വലിയ മത്സരത്തിലും സമ്മർദ്ദത്തിലുമാണ് വളരുന്നത്. മൊബൈൽ ഫോണും സോഷ്യൽ മീഡിയയും പഠനവും കളിയും എല്ലാം ഒരുമിച്ച് കൊണ്ടുപോകേണ്ട അവസ്ഥ. ഈ സാഹചര്യത്തിൽ കുട്ടികളെ കേൾക്കാനും, അവരുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും, അവർക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം ഒരുക്കാനും സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മാർക്കും റാങ്കും മാത്രമല്ല കുട്ടിയുടെ വിജയം. വരയും പാട്ടും നൃത്തവും എഴുത്തും പ്രസംഗവുമെല്ലാം കുട്ടിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. വർണ്ണോത്സവം പോലുള്ള വേദികൾ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നു. തോൽക്കുന്ന കുട്ടിയെ പോലും ചേർത്തുപിടിക്കാൻ നമുക്ക് കഴിയണം, മന്ത്രി പറഞ്ഞു.

"സനാഥ ബാല്യം സംരക്ഷിത ബാല്യം"  എന്ന കരുതലിൻ്റെ നടത്തിപ്പിന് സർക്കാരിനൊപ്പം മുന്നേറി കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി 75 വർഷമായി പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. അമ്മത്തൊട്ടിൽ, ദത്തെടുക്കൽ കേന്ദ്രങ്ങൾ, ശിശുപരിചരണ കേന്ദ്രങ്ങൾ എന്നിവയിലൂടെ അനാഥരും ആലംബമില്ലാത്തവരുമായ നൂറുകണക്കിന് കുട്ടികൾക്ക് സമിതി പുതിയ ജീവിതം നൽകുന്നു. ഈ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമൂഹം ഒന്നടങ്കം പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ചടങ്ങിൽ മുഖ്യാതിഥിയായി മുതിർന്ന നടി മല്ലിക സുകുമാരൻ പങ്കെടുത്തു.

 ശിശുദിനത്തോ ടൻബന്ധിച്ച് സംസ്ഥാന ശിശുക്ഷേമസമിതി തിരുവനന്തപുരത്ത്
 ഒക്ടോബർ 3 മുതൽ നവംബർ 6 വരെ സംഘടിപ്പിച്ച
ശിശുദിന കലോത്സവം വർണ്ണോത്സവം 2026-ൽ നഴ്സറി മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികൾ പങ്കെടുത്തിരുന്നു. ഓവറോൾ കിരീടം നേടിയ തിരുവനന്തപുരം
കാർമൽ ഹയർ സെക്കൻ്ററി സ്‌കൂൾ,രണ്ടും മുന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ നിർമ്മലാഭവൻ  ഹയർ സെക്കൻ്ററി  സ്‌ക്കൂൾ, പട്ടം സെൻ്റ് മേരീസ് ഹയർസെക്കൻ്ററി സ്‌കൂൾ, നഴ്‌സറി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കൊഞ്ചിറവിള ജവഹർ വിദ്യാഭവൻ,
വർണ്ണോത്സവ പ്രതിഭകളായ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 
പുണ്യ എസ് പ്രദീപ്, ആര്യ സെൻട്രൽ സ്‌കൂളിലെ വേദിക് സായ്, ബാലപ്രതിഭകളായ ഈഞ്ചയ്ക്കൽ ലീ സ്കോളർ സ്‌കൂളിലെ സഹ്ര നസീർ കാർമ്മൽ നഴ്‌സറി സ്‌കൂളിലെ അയാൻ കൃഷ്ണ,
മറ്റ് വിജയികൾക്കും മന്ത്രിയും മല്ലികാ സുകുമാരനും മറ്റ് അതിഥികളും ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അദ്ധ്യക്ഷനായിരുന്നു. ട്രഷർ കെ. ജയപാൽ സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺ സിലർ ജി.വേണുഗോപാൽ, ഉപവിദ്യാഭ്യാസ ഡയറക്ടർ ബിജു ആർ ലൈബ്രററി കൗൺസിൽ സെക്രട്ടറി എൻ.എസ് വിനോദ് , തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി
വി. അശോക് കുമാർ എന്നിവർ സംസാരിച്ചു.