ഇഎംഎസിന്റെ മകൾ ഇ.എം രാധ അന്തരിച്ചു
എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ (70) അന്തരിച്ചു. അർബുദത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസ് നമ്പൂതിരിപ്പാടിന്റെയും ആര്യാ അന്തർജനത്തിന്റെയും മകളാണ്. വനിതാ കമീഷൻ മുൻ അംഗവും ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരുമായിരുന്നു. വഴുതക്കാട് കോട്ടൺഹിൽ ഹൈറ്റ്സിലായിരുന്നു താമസം.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും ശ്രദ്ധേയയായി. ഇ എം എസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന 'ഇ എം എസ്–മകളുടെ ഓർമകൾ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ഇ എം എസിന്റെ ജീവിതത്തെ മകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന കൃതിയാണിത്.ഔദ്യോഗിക ജീവിതത്തിനൊപ്പം പൊതുരംഗത്തും സജീവമായിരുന്നു. വനിതാ കമീഷനിലെയും വയോജന കമീഷനിലെയും പ്രവർത്തനങ്ങളിലൂടെ സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പൊതുപ്രവർത്തനങ്ങളിലും പങ്കാളിയായി. എഴുത്തുകാരിയെന്ന നിലയിലും സാമൂഹ്യ–സാംസ്കാരിക വേദികളിലും സാന്നിധ്യമറിയിച്ചു.
ഭർത്താവ്: സി കെ ഗുപ്തൻ (മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്). മകൻ: സിദ്ധാർഥ് ഗുപ്തൻ. മരുമകൾ: സ്നേഹപ്രിയ.
പരേതരായ ഡോ. മാലതി ദാമോദരൻ, ഇ എം ശ്രീധരൻ, എസ് ശശി എന്നിവർ സഹോദരങ്ങളാണ്.