കേരളത്തിന്റെ പതിനാലാം പദ്ധതി തയ്യാറാക്കണം

ഇന്ത്യയില്, പഞ്ചവത്സര പദ്ധതികളെ അടിസ്ഥാനമാക്കി വികസന പ്രവര്ത്തനങ്ങള് നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ സമീപനം വളരെ ശരിയാണെന്നാണ് കോവിഡ്കാല അനുഭവങ്ങള് തെളിയിക്കുന്നത്. കേരളത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 സാമ്പത്തിക വര്ഷത്തോടെ ആരംഭിക്കുകയാണ്. അതിനുള്ള മുന്നൊരുക്കങ്ങള് ആരംഭിച്ചുകഴിഞ്ഞു.കോവിഡാനന്തര ജീവിതത്തെപ്പറ്റിയുള്ള ചര്ച്ചകള് പല തലങ്ങളില് നടക്കുകയാണ്. കോവിഡ് വിട്ടുമാറാത്തതിനാലും കാലാവ സ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള് തീവ്രമായതിനാലും ഭാവിയെപ്പറ്റി കടുത്ത ആശങ്കകള് നിലനില് ക്കുന്നു. എന്നാല്, കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിനുകള് ഒരു വര്ഷത്തിനകം തന്നെ വികസിപ്പി ക്കാന് കഴിഞ്ഞുവെന്നത്
 

ഇന്ത്യയില്‍, പഞ്ചവത്സര പദ്ധതികളെ അടിസ്ഥാനമാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ സമീപനം വളരെ ശരിയാണെന്നാണ് കോവിഡ്കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. കേരളത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 സാമ്പത്തിക വര്‍ഷത്തോടെ ആരംഭിക്കുകയാണ്. അതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.കോവിഡാനന്തര ജീവിതത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പല തലങ്ങളില്‍ നടക്കുകയാണ്. കോവിഡ് വിട്ടുമാറാത്തതിനാലും കാലാവ സ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ തീവ്രമായതിനാലും ഭാവിയെപ്പറ്റി കടുത്ത ആശങ്കകള്‍ നിലനില്‍ ക്കുന്നു. എന്നാല്‍, കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകള്‍ ഒരു വര്‍ഷത്തിനകം തന്നെ വികസിപ്പി ക്കാന്‍ കഴിഞ്ഞുവെന്നത് ശാസ്ത്രം നല്‍കുന്ന ഭാവിസാധ്യതകളെക്കുറിച്ച് ജനങ്ങളുടെ പ്രതീക്ഷകള്‍ വളരെ വര്‍ ദ്ധിപ്പിച്ചിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം പാരിസ്ഥിതിക തകര്‍ച്ചയിലേക്കും, തുടര്‍ന്ന് ആവാസ വ്യവസ്ഥകളുടെ തകര്‍ച്ചയിലേക്കും അതു മൂലമുള്ള ജീവജാതികളുടെ നാശത്തിലേക്കും നയിക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. ഇത്തരം ഒരു സാഹചര്യം, പുതിയ രോഗങ്ങളും ആവര്‍ത്തിച്ചുള്ള പ്രകൃതിദുരന്ത ങ്ങളും മനുഷ്യസമൂഹത്തിനു മുന്നില്‍ പുത്തന്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.ആധുനിക ശാസ്ത്രം മാനവരാശിയുടെ മുന്നില്‍ വയ്ക്കുന്ന ശുഭപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നതിനും അതിന്റ നേട്ടങ്ങല്‍ എല്ലാവര്‍ക്കും അനുഭവവേദ്യ മാകുന്നതിന് തടസ്സങ്ങളുണ്ടാകുന്നതിനും ഇത് കാരണമാകും ഈ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാര ണം പ്രകൃതിയില്‍ മനുഷന്റെ തെറ്റായ ഇടപെടലുകളാണെന്ന് മുമ്പേ തന്നെ ബോധ്യമായതാണ്. അതിനാല്‍, മനു ഷ്യനും പ്രകൃതിയും തമ്മിലുള്ള ബണ്ഡങ്ങളില്‍ നടപ്പുരീതികള്‍ തുടര്‍ന്നാല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും പ്രതീക്ഷകള്‍ക്ക് കൂടുതല്‍ മങ്ങലേല്‍ക്കുകയും ചെയ്യും.

ഇതെല്ലാം കാണിക്കുന്നത്, മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യന്യം പ്രകൃതിയും തമ്മിലുമുള്ള ബന്ധങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്നാണ്. ഇതിനു സഹായകമായ സ്ഥൂലതല തിരുത്തലുകളും സൂക്ഷ്മതല ഇടപെടലുകളും അനിവാര്യമാണ്. ശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന സാധ്യതകള്‍ മാനവരാശിയുടെ പൊതുസ്വത്തായി മാറണം. പുതിയൊരു മാനവികതയും അതിനു സഹായകമായ സാമൂഹ്യബന്ധങ്ങളും സംജാതമാകണം. ഇന്നത്തെക്കാള്‍ നല്ല ഒരു നാളെയെ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കണം. ഈ സാഹചര്യം, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഒരു പൊളിച്ചെഴുത്ത് അനിവാര്യമാക്കിയിരിക്കയാണ്. ഉല്പാദന മേഖലകള്‍, സേവന മേഖലകള്‍, പശ്ചാത്തല സൗകര്യവികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാം ഭാവനാപൂര്‍ണ്ണമായ മാറ്റങ്ങളുണ്ടാവണം. പ്രവര്‍ത്തനങ്ങളുടെ നല്ലൊരു ഭാഗം, ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ഭൂമിക വികസിക്കുമാറ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് നടക്കേണ്ടത്. അതിനു സഹായകമാംവിധം അധികാര വികേന്ദ്രീകരണ പ്രക്രിയ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങളെയും അധ്വാനശേഷിയെയും സ്ഥായിയായി വികസിപ്പിക്കാനും ഉപയോഗപ്പെടുത്താനും സാധിക്കണം. നീര്‍ത്തടാധിഷ്ഠിത വികസനം അതിനുള്ള മാധ്യമമാവണം.
ഈ വിധത്തില്‍, സുസ്ഥിര വികസനം ഉറപ്പാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരളത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരിക്കണം ഇതിനായി ഒമ്പതാം പദ്ധതിക്കാലത്ത് നടപ്പാക്കിയത് പോലെ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തി,വിദഗ്ദ്ധരുടേയും ബഹുജനങ്ങളുടേയും യുവജനങ്ങളുടേയും വിവിധ രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളുടേയും പങ്കാളിത്തം ഉറപ്പ് വരുത്തി പതിനാലാം പദ്ധതി ജനകീയമായി രൂപീകരിക്കുകയും ജനകീയ നിര്‍വ്വഹണം ഉറപ്പ് വരുത്തണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 58 മത് സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

പ്രമേയം 2
ഭരണഘടനാമൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ജനാധിപത്യവാദികള്‍ ഒരുമിച്ചണിനിരക്കുക

ഇന്ത്യ അത്യന്തം കലുഷിതമായ കാലത്തിലൂടെ കടന്നുപോകയാണ്. കഴിഞ്ഞ ദശകങ്ങളില്‍ സ്വതന്ത്ര ഇന്ത്യ രാഷ്ട്രനിര്‍മാണത്തിന്റെ അടിത്തറയായി അംഗീകരിച്ച ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, സാമൂ ഹ്യനീതി, ശാസ്ത്രബോധം ലിംഗനീതി തുടങ്ങിയവ ചോദ്യം ചെയ്യുപ്പേടുന്നു. എന്ന് മാത്രമല്ല പൗരത്വത്തിന്റെ മാനദണ്ഡങ്ങളടക്കം ജനജീവിതത്തിന്റെ എല്ലാ ഘടകങ്ങളും പുനര്‍നിര്‍വചിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഹിന്ദുരാഷ്ട്രത്തിന്റെ അളവുകോലുകളനുസരിച്ച് ജീവിക്കാന്‍ എല്ലാ പൗരന്മാരെയും നിര്‍ബന്ധിക്കുകയും പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളായി കണക്കാക്കി അടിച്ചമര്‍ത്തുകയും ചെയ്യുന്നു. കേന്ദ്രസര്‍ ക്കാരാകട്ടെ മേല്‍പ്പറഞ്ഞവയുടെയെല്ലാം മറപിടിച്ച് സാമ്പത്തിക ഉദാരീകരണത്തിലും കോര്‍പ്പറേറ്റ് ചങ്ങാത്തമുതലാളിത്തത്തിലും അധിഷ്ഠിതമായ സാമ്പത്തിക നയങ്ങള്‍ ഏറ്റവും തീവ്രമായും ജനവിരുദ്ധമായും നടപ്പാക്കുകയാണ്.
കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗ്ഗം പോലും പോലും നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോഴാണ് ഭരണകൂടം ഇത്തരം കോര്‍പ്പറേറ്റ് പ്രീണന നയങ്ങളുമായി മുന്നോട്ട് പോയത്. ജനങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ നിന്നുപോലും പിന്മാറാന്‍ കേന്ദ്രഭരണകൂടം ശ്രമിച്ചത് ഈ പ്രീണന നയത്തിന് ഉദാഹരണമാണ്. രാജ്യതലസ്ഥാനത്ത് മാസങ്ങളായിത്തുടരുന്ന കര്‍ഷക സമരത്തോട് അടിച്ചമര്‍ത്തല്‍നയം സ്വീകരിക്കുന്നതും കാശ്മീരിനെത്തുടര്‍ന്ന് ലക്ഷദ്വീപിലും പൗരാവകാശങ്ങള്‍ നിഷേധിച്ച് അവിടങ്ങളില്‍ കോര്‍പ്പറേറ്റ് വാഴ്ചയ്ക്ക് അനുകൂലമായ നയങ്ങള്‍ സ്വീകരിക്കുന്നതും ഇതേ നയത്തിന്റെ തുടര്‍ച്ചകളാണ്. ഏറ്റവും അവസാനം ഇന്ത്യയിലെ ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ തൊഴിലാളികള്‍ നടത്താന്‍ തീരുമാനിച്ച സമരത്തെ അടിച്ചമര്‍ ത്താന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത വിധത്തിലുള്ള കരിനിയമങ്ങളാണ് നടപ്പിലാക്കുന്നത്.
അടിസ്ഥാനശാസ്ത്രസത്യങ്ങളുടെ പോലും നിരാസമാണ് ഇന്നത്തെ ഭരണകൂടനയങ്ങളുടെ പൊതുരീതി. കോവിഡിന്റെ ഉറവിടങ്ങളെയും അതിനുള്ള പ്രതിവിധികളെയും സംബന്ധിച്ച് ശാസ്ത്രീയ വിജ്ഞാനവുമായി ഒരു ബന്ധവുമില്ലാത്ത അഭിപ്രായങ്ങള്‍ വസ്തുതകളായി പ്രചരിപ്പിക്കാന്‍ ചില ഹിന്ദുസൈദ്ധാന്തികര്‍ ശ്രമിച്ചത് ഇതിനുദാഹരണമാണ്. തികഞ്ഞ അശാസ്ത്രീയതയും കപട ശാസ്ത്രരൂപങ്ങളും ശാസ്ത്രഗവേഷണത്തിലും വിദ്യാഭ്യാസരംഗത്തും പ്രചരിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ഈയിടെ അവതരിപ്പിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസനയത്തില്‍ ഈ ശ്രമം വളരെ പ്രകടമായി.ശാസ്ത്രഗവേഷണ പ്രോജക്ടുകളെയും ഗ്രാന്റുക ളെയും എല്ലാം ഇതുവരെ ആര്‍ക്കും നിര്‍വചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലാത്ത വൈദിക സയന്‍സും കല്പഗണിതവും മറ്റുമായി കൂട്ടിയിണക്കാനുള്ള ശ്രമം നടക്കുന്നു. പ്രാചീന ഭാരതപാരമ്പര്യത്തെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പുനഃപരിശോധിക്കാനുള്ള അവസരം പോലും നല്‍കാതെ ആധികാരിക വൈജ്ഞാനിക ശാഖകളെന്ന നിലയില്‍, ഏകപക്ഷീയമായി അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേ സമയം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ബഹുസ്വരതയെയും അതിലേക്ക് മുസ്ലിങ്ങള്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ നല്‍കിയ സംഭവനകളെയും ബോധപൂര്‍വം ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. വൈദിക പാരമ്പര്യത്തിന്റെ ഊറ്റംകൊള്ളലില്‍ ബൗദ്ധ ജൈന വിഭാഗങ്ങള്‍ അടക്കമുള്ള ജനസാമാന്യത്തിന്റെ സംഭാവനകള്‍ പോലും പുറന്തള്ള പ്പെടുകയാണ്. ശാസ്ത്രബോധത്തെ തകര്‍ക്കുക മാത്രമല്ല, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ബഹുസ്വരവും ബഹുസാംസ്‌കാരികവുമായ സ്വഭാവത്തെപോലും തകര്‍ക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം നടത്തിക്കൊണ്ടിരിക്കുന്നത്.

സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്നുള്ള നാളുകളില്‍ ശാസ്ത്രബോധത്തിന്റെ പ്രചാരവും അതിന്റെ സര്‍ഗാത്മകമായ വികാസവും ഇന്ത്യന്‍ രാഷ്ട്രനിര്‍മാണ ത്തിന്റെ ആധാരശിലയായി ഭരണകര്‍ത്താക്കള്‍ ആദ്യഘട്ടത്തില്‍ കണ്ടിരുന്നു. അതിനോടൊപ്പം ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഗുണപരമായ വശങ്ങളെ ഉള്‍ക്കൊണ്ട് മതനിരപേക്ഷവും സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും ജനാധിപത്യപരവുമായ ഇന്ത്യയുടെ സൃഷ്ടിയും അന്ന് പ്രധാനമായി കണ്ടിരുന്നു. ഹിന്ദുത്വ സ്വത്വരാഷ്ട്രീയം ആധിപത്യം സ്ഥാപിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ അടിസ്ഥാ നതത്വങ്ങളെ വീണ്ടെടുക്കുക ജനാധിപത്യപ്രസ്ഥാനങ്ങളുടെ അടിയന്തിരകടമയാണ്. ഈ വീണ്ടെടുപ്പിന്റെ ആധാരശില ആധുനികശാസ്ത്രത്തിന്റെ പ്രപഞ്ചവീക്ഷണവും അത് നല്‍കുന്ന മാനവികൈക്യത്തിന്റെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര്യത്തിന്റെയും അടിസ്ഥാനസന്ദേശവുമാണ്. ഇവ പ്രചരിപ്പിച്ച് കൊണ്ട് കപടശാസ്ത്രത്തിന്റേയും വിഭാഗീയതയുടേയും ശക്തികള്‍ക്കെതിരായി പോരാടുക ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അടിസ്ഥാന കടമയായി ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. അതിനായി എല്ലാ മേഖലകളിലുമുള്ള പരിശ്രമങ്ങളുമായി മുന്നിട്ടിറങ്ങുവാന്‍ എല്ലാ ജനാധിപത്യവാദികളോടും പുരോഗമന ബഹുജന പ്രസ്ഥാനങ്ങളോടും പരിഷത്ത് ആഹ്വാനം ചെയ്യുന്നു.

പ്രമേയം 3
ആര്‍ത്തവത്തിനു നേര്‍ക്കുള്ള അശുദ്ധി കല്പിക്കല്‍ മനുഷ്യാവകാശ ലംഘനമായി പരിഗണിക്കുക; ആര്‍ത്തവകാല സുരക്ഷയും ശുചിത്വ പ്രവൃത്തികളും സാമൂഹിക ഉത്തരവാദിത്തമായി ഏറെറടുക്കുക

ആര്‍ത്തവം എന്ന ജൈവികാവസ്ഥയെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി ഇഴചേര്‍ത്ത് പരിഗണിക്കുന്നതു മൂലമുള്ള അനാരോഗ്യകരമായ അവസ്ഥ സ്ത്രീസമൂഹം ഇന്നും ഒട്ടധികം അനുഭവിക്കുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ പൊതുയിടങ്ങളില്‍നിന്ന് സ്ത്രീകളും പെണ്‍കുട്ടികളും ഇന്നും ഏറക്കുറെ മാറ്റിനിര്‍ത്തപ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുന്നതിന്റെ നിസ്സഹായാവസ്ഥയും ആര്‍ത്തവം മൂലമുള്ള ശാരീരികവിഷമതകളും ശുചിത്വപ്രശ്‌നങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളുമെല്ലാം സ്ത്രീകളില്‍ വലിയ തോതിലുളള മാനസിക-വൈകാരിക -ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ആര്‍ത്തവത്തിന്റെ നേര്‍ക്കുള്ള അശുദ്ധി കല്പിക്കല്‍ മനുഷ്യാവകാശ ലംഘനം തന്നെയാണ്. ആ രീതിയില്‍ ആര്‍ത്തവ വിരുദ്ധതയെ പരിഗണിക്കപ്പെടാത്തതിനാല്‍ ആര്‍ത്തവംമൂലം കുടുംബത്തിനകത്തു പോലും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ കാരണമാകുന്നു.

ഭൂരിഭാഗം സ്ത്രീകളും ആര്‍ത്തവസമയത്ത് സാനിറ്ററി പാഡാണ് ഉപയോഗിക്കുന്നത്.ഇത് സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്‌നങ്ങളുണ്ട്. പക്ഷേ, യഥാസമയത്തുള്ള പ്രശ്‌നപരിഹാരത്തിനു മുതിരാതെ അളവിലധികം അതിനെ സമൂഹത്തില്‍ പെരുപ്പിച്ചു കാണിക്കുന്ന പ്രവണതയുമുണ്ട്. സ്ത്രീകള്‍ നിസ്സഹായത അനുഭവിക്കുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും ഇത്തരം സാമൂഹിക വിരുദ്ധ മനോഭാവം മൂലം സ്ത്രീമനസ്സ് കൂടുതല്‍ സഘര്‍ഷത്തിലാഴുന്നു. വീട്ടിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ആരോഗ്യപൂര്‍ണമായ വൃത്തിയുള്ള സ്ത്രീ സൗഹൃദ ശുചിമുറികളുണ്ടാക്കിയാല്‍ ആര്‍ത്തവക്കാലയളവില്‍ മൊത്തത്തിലുള്ള പിരിമുറുക്കം വലിയ തോതില്‍ ലഘൂകരിക്കാന്‍ കഴിയും. അതിനാവശ്യമായ അടിയന്തിര പദ്ധതികള്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ ഏറെറടുക്കേണ്ടതാണ്. ആര്‍ത്തവസംബന്ധിയായ പ്രശ്‌നങ്ങളെ പൊതുസമൂഹം സ്ത്രീകളുടെ മാത്രം വിഷയമായാണ് മിക്കപ്പോഴും പരിഗണിക്കുന്നത്.

ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തില്‍ ഭരണസമിതിയില്‍ പകുതിയിലേറെ സ്ത്രീകളായിരുന്നി ട്ടും വേണ്ടത്ര പരിഗണന നല്‍കി ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആ തലത്തിലും ഉണ്ടായിട്ടില്ല.വന്‍തോതിലുള്ള പരസ്യ ത്തിന്റെ പിന്‍ബലത്തിലുള്ള കോര്‍പ്പറേറ്റ് കമ്പനികളുടെ ഉല്‍പന്നമാണ് ഇന്ന്  സാനിറ്ററി പാഡുകള്‍. അതിനുപകരം ചിലവു കുറഞ്ഞതും ദീര്‍ഘകാലം ഉപയോഗിക്കാവുന്നതും മാലിന്യമുണ്ടാക്കാത്തതുമായ മെന്‍സ്ട്ര്വല്‍ കപ്പിന്റെയോ ജൈവ വിഘടനത്തിന് വിധേയമാകുന്ന പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമായ ഉത്പ്പന്നങ്ങളുടേയോ ഉപയോഗം ഉറപ്പു വരുത്തേണ്ടതുണ്ട്.ആവശ്യമായ ഇടങ്ങളിലും സ്ഥാപനങ്ങളിലും പാഡ് സംസ്‌ക്കരണത്തിനു വേണ്ടി ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കേണ്ടതാണ്.മെന്‍സ്ട്ര്വല്‍ കപ്പ് അല്ലെങ്കില്‍ ജൈവ വിഘടനത്തിന് വിധേയമാകുന്ന പാഡുകള്‍ സൗജന്യമായി ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. അതിനാവശ്യമായ പദ്ധതി പ്രാദേശിക സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്ത് ഉടന്‍ നടപ്പിലാക്കേണ്ടതാണ്.ഒപ്പം ആര്‍ത്തവകാല ആരോഗ്യസംരക്ഷണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമായി ഏറ്റെടുപ്പിക്കേണ്ടതുമുണ്ട്. അതിനാവശ്യ മായ ബഹുജനവിദ്യാഭ്യാസ പരിപാടിക്കു സര്‍ക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഗ്രന്ഥശാലാ പ്രസ്ഥാനവും  ചേര്‍ന്ന് നേതൃത്വം കൊടുക്കേണ്ടതാണ്. 

മേല്‍ പറഞ്ഞ വിധം ആര്‍ത്തവകാല ആരോഗ്യപരിരക്ഷയും ശുചിത്വപരിപാടിയും സര്‍ക്കാര്‍ ക്ഷേമപദ്ധതിയായി ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയെട്ടാം വാര്‍ഷികസമ്മേളനം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുന്നു.

പ്രമേയം 4
വേമ്പനാട്ടുകായലിന് തനതായ ഭരണസംവിധാനമുണ്ടാക്കണം

മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ വേമ്പനാട് ഭൂപ്രദേശത്തിന്റെ പാരിസ്ഥിതിക, വികസന,ജീവസന്ധാരണ പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാന്‍ പൊതുവായ ഭരണസംവിധാനം കായലിന് രൂപീകരിക്കേണ്ടതുണ്ട്. പാരിസ്ഥിതികമായി ദുര്‍ബലമായ ഇവിടെ ജീവസന്ധാരണം,വാസം,സുസ്ഥിരമായ വികസനം എന്നിവക്ക് വിവിധ ജനവിഭാഗങ്ങള്‍ തമ്മിലും, മനുഷ്യരും പ്രകൃതിയും തമ്മിലും ആഴമേറിയ ബന്ധവും പരസ്പരാശ്രിതത്വവും അനിവാര്യമാണ്. ശ്രമകരമായ ഈ കടമ നിര്‍വ്വഹിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഒറ്റപ്പെട്ട പ്രവര്‍ത്തനമോ പരിമിതമായ ഏകോപനമോ കൊണ്ട് സാധ്യമല്ല. ആഗോളതാപനത്തിന്റേയും കാലാവസ്ഥാമാറ്റത്തിന്റെയും ഫലമായി ഉയരുന്ന താപനില, അതിശൈത്യം, അതിവൃഷ്ടി, വരള്‍ച്ച, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങള്‍ ഏറിയിട്ടുണ്ട്.ഇതിന്റെ ഫലമായി കൃഷിയും ജീവ സന്ധാരണവും വാസവും ലോകത്താകെ ഏറിയും കുറഞ്ഞും വെല്ലുവിളി നേരിടുന്നുണ്ട്.പാരിസ്ഥിതികമായി ദുര്‍ബലമായ കുട്ടനാട് പോലുള്ള പ്രദേശങ്ങളെ കൂടുതല്‍ ജാഗ്രതയോടെ പരിപാലിക്കണമെന്നത് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ താല്‍ക്കാലികമായ അതിജീവനശ്രമങ്ങള്‍ നടത്തി പിന്മാറുന്ന രീതി അപകടകരമാണ്. ഇതുവരെയുള്ളതും ഇനി വേണ്ടിവരുന്നതുമായ ശാസ്ത്രീയപഠനങ്ങളേയും പ്രായോഗിക അനുഭവങ്ങളേയും അടിസ്ഥാനമാക്കി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്ര ഇടപെടലിലൂടെ മാത്രമേ വേമ്പനാട് കായലിന്റെയും പരിസര ഭൂപ്രദേശങ്ങളുടെയും ആരോഗ്യാവസ്ഥയും സുസ്ഥിരവികസനവും ഉറപ്പുവരുത്താന്‍ കഴിയൂ.

തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാനുള്ള റാംസര്‍ കണ്‍വന്‍ഷന്റെ തീരുമാനങ്ങള്‍ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. വെമ്പനാട് റാംസര്‍ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്. ആ നിലയ്ക്ക് കായല്‍ സംരക്ഷണത്തിനുള്ള നപടികള്‍ അന്താരാഷ്ട്രസമൂഹത്തോട് വിശദീകരിക്കാന്‍ രാജ്യത്തിന് ബാധ്യതയുമുണ്ട്.

കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാന്‍ കൂടുതല്‍ ശാസ്ത്രീയമായി ജീവിതവും വികസനവും ചിട്ടപ്പെടുത്തേണ്ട കാലത്ത് കുട്ടനാടിന്റെ പരിസ്ഥിതിയെയും ജീവസന്ധാരണത്തെയും ദുര്‍ബലമാക്കുന്ന അനിയന്ത്രിതമായ ഇടപെടലുകള്‍ കുറയുന്നില്ലെന്നത് ആശങ്കാജനകമാണ്. നമ്മുടെ വികസന സങ്കല്പം മാറണമെന്ന വിലയിരുത്തല്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്. പരിസ്ഥിതി സംരക്ഷണത്തിനുള്ള പൊതു നിയമങ്ങളും തണ്ണീര്‍ത്തടങ്ങളുടെയും കടല്‍തീരത്തിന്റെയും സുസ്ഥിരതക്കു് വേണ്ടിയുള്ള സവിശേഷ നിയമങ്ങളും ചട്ടങ്ങളും വേണ്ടവണ്ണം പ്രയോജനപ്പെടുത്തുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും തുടര്‍ച്ചയായി വെള്ളം ചേര്‍ക്കുകയും ചെയ്യുന്നു. വേമ്പനാട്ട് കായലിന്റെ വിസ്തീര്‍ണ്ണം പകുതിയില്‍ അധികം നഷ്ടമായിട്ടുണ്ട്. നഷ്ടപ്പെട്ട കായല്‍തീരം തിരിച്ചു പിടിച്ചില്ലെങ്കിലും അതിര്‍ത്തി രേഖപ്പെടുത്തുകയെങ്കിലും വേണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി.തുടര്‍ന്നുള്ള കൈയേറ്റം ഒഴിവാക്കാനെങ്കിലും അത് സഹായകമാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല.കൈയേറ്റങ്ങളും, ഭൂവിനിയോഗത്തിലെ അപകടകരമായ മാറ്റങ്ങളും അശാസ്ത്രീയമായ നിര്‍മ്മിതികളും വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിന് ഉണ്ടാകുന്ന തടസ്സങ്ങളുമാണ് പ്രദേശത്തിന്റെ ജലവാഹകശേഷി തുടര്‍ച്ചയായി കുറച്ചത്.കൃഷിയും മത്സ്യബന്ധനവും ടൂറിസവുമടക്കമുള്ള ജീസന്ധാരണമാര്‍ക്ഷങ്ങളെ കാലാനുസൃതവും ശാസ്ത്രീയവുമാക്കി മാറ്റുന്നതില്‍ ഉണ്ടാകുന്ന വീഴ്ചമൂലം പരിസ്ഥിതിയും ജീവസന്ധാരണവും ദുര്‍ബലമാകുന്നു.ഇത് പരിഹരിക്കുന്നതിന് വികസനം സംബന്ധിച്ച് നില വിലുള്ള സാമൂഹ്യബോധത്തില്‍ അടിസ്ഥാനമാറ്റവും വലിയ സാമൂഹ്യമുന്നേറ്റവും ആവശ്യമാണ്. ആ കാഴ്ചപ്പാടില്‍ പ്രദേശത്തെ പരിപാലിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കേവലമായ ഏകോപനംകൊണ്ട് സാധ്യമല്ല. കുട്ടനാട്ടിലെ മുഖ്യ ജലനിയന്ത്രണ-നിര്‍ക്ഷമനമാര്‍ക്ഷങ്ങളായ തണ്ണീര്‍മുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി പൊഴിയുടെയും പരിപാലനംപോലും, വിഭാവന ചെയ്തതുപോലെ, കൃഷിയുടെയും മല്‍സ്യബന്ധനത്തിന്റെയും ജനവാസത്തിന്റെയും ഗതിവിഗതികള്‍ മനസ്സിലാക്കി കൃത്യവും ഉചിതവുമായി നിര്‍വ്വഹിക്കാന്‍ ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ സംവിധാനത്തിനു കഴിയുന്നില്ലെന്നത് പ്രകടമാണ്. കേരള പഞ്ചായത്ത്‌രാജ് നിയമത്തില്‍ പൊതുവായ തത്പ്പര്യമുള്ള വിഷയങ്ങളില്‍ സംയുകതസമിതികള്‍ രൂപീകരിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്.വേമ്പനാടിന് ചുറ്റുമുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സംയുക്തസമിതി രൂപപ്പെടുത്തി അതിന് കീഴില്‍ വേമ്പനാട് കായലിനെ കൊണ്ടുവരണമെന്നും ഈ സംവിധാനത്തിന് സമ്പത്തും വിഭവങ്ങളും ലഭ്യമാക്കി, കായലിന്റെ പരിപാലനത്തിനുള്ള വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കാനുള്ള ചുമതല നല്‍കുകയും വേണമെന്ന് കേരളശാസ്ത്രസാഹിത്യ പരിഷത്ത് വാര്‍ഷിക സമ്മേളനം തദ്ദേശഭരണസ്ഥാപനങ്ങളോടും കേരള സര്‍ക്കാരിനോടും ആവശ്യപ്പെടുന്നു.

പ്രമേയം 5
സിക്കിള്‍ സെല്‍ അനീമിയ-താലസീമിയ രോഗങ്ങള്‍ക്കുള്ള ഗവേഷണ ചികിത്സാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടന്‍ ആരംഭിക്കുക

കേരളത്തില്‍ വയനാട്, അട്ടപ്പാടി, നിലമ്പൂര്‍ പ്രദേശങ്ങളില്‍ ആദിവാസികളിലും മറ്റു ചില സമുദായങ്ങളിലും സിക്കിള്‍ സെല്‍ അനീമിയ രോഗം വ്യാപകമായി കണ്ടുവരുന്നു. ഈ വിഭാഗങ്ങളില്‍ വലിയ ദുരിതവും വന്‍തോതില്‍ മരണങ്ങളും ഉണ്ടായിരുന്ന രോഗമാണ് സിക്കിള്‍സെല്‍ അനീമിയ. 2007ല്‍ സിക്കിള്‍സെല്‍ രോഗികള്‍ക്കായുള്ള സമഗ്ര സംരക്ഷണ പദ്ധതി അന്നത്തെ സര്‍ക്കാര്‍ നടപ്പാക്കി. ഇതിന്റെ ഭാഗമായി നിരന്തരമായി ടെസ്റ്റുകള്‍ ചെയ്ത് മിക്കവാറും രോഗികളെ കണ്ടെത്തി ഹൈഡ്രോക്‌സി യൂറിയ എന്ന ഫലപ്രദമായ മരുന്നടക്കം സൗജന്യ ചികിത്സ നല്‍കുന്നുണ്ട്. എല്ലാ രോഗികള്‍ക്കും സൗജന്യമായ ന്യൂട്രിഷന്‍ കിറ്റും മാസം ഒരു സ്‌റ്റൈപ്പന്റും നല്‍കുന്നു. രോഗനിര്‍ണയവും ചികിത്സയും പൂര്‍ണമായി ജില്ലകളിലെ ആരോഗ്യ സംവിധാനവുമായി സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ സിക്കിള്‍സെല്‍ രോഗം വ്യാപകമായ മറ്റൊരിടത്തും ഇതുപോലെ സമഗ്രമായ ഒരു പരിപാടി നടപ്പായിട്ടില്ല. സിക്കിള്‍ രോഗത്തിന് പ്രാഥമികമായ ചികിത്സകള്‍ ലഭ്യമാക്കി ആയുസ്സ് വര്‍ധിപ്പിക്കാന്‍ ഇന്ന് കഴിയും. എന്നാല്‍ ഇതോടനുബന്ധിച്ച് മറ്റ് അവയവങ്ങളെ ബാധിക്കുന്ന രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. പൂര്‍ണ്ണമായി രോഗം ഭേദമാക്കാനുള്ള ജീന്‍ ചികിത്സകളും ഗവേഷണവഴിയിലാണ്. ഇതിനെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും നല്ല സ്ഥലം ഇപ്പോള്‍ കേരളമാണ്. ജനിച്ചയുടന്‍ തന്നെ രോഗം കണ്ടെത്താനുള്ള സ്‌ക്രീനിങ്ങ് സംവിധാനങ്ങള്‍, ജിനോമിക പഠനങ്ങള്‍ വഴി ഇന്ത്യന്‍ രോഗികളുടെ സവിശേഷതകള്‍ കണ്ടെത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍, ജനിതക ചികിത്സാ സംവിധാനങ്ങള്‍ തുടങ്ങിയപല കാര്യങ്ങളും ഭാവിയില്‍ സിക്കിള്‍ സെല്‍ അനീമിയ, താലസീമിയ രോഗികള്‍ക്ക് ഏറെ ഗുണകരമാവും എന്നതുറപ്പാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വയനാട്ടില്‍ സിക്കിള്‍ സെല്‍ അടക്കമുള്ള ഹീമോഗ്ലോബിന്‍ രോഗങ്ങള്‍ക്കായുള്ള ഗവേഷണ ചികില്‍സാകേന്ദ്രമായ Comprehensive Hemoglobinopathies Research and Care Center (CHRRC) എന്ന സ്ഥാപനത്തിന് തറക്കല്ലിട്ടിരുന്നു. കേരളത്തിന് മാത്രമല്ല ഇന്ത്യയിലെ തന്നെ വലിയൊരു സ്ഥാപനമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തിന് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന ഈ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവ്യത്തികള്‍ ഉടന്‍ തന്നെ ആരംഭിക്കുകയും, പരമാവധി വേഗത്തില്‍ പൂര്‍ത്തികരിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങളും, രോഗനിര്‍ണ്ണയവും, ചികില്‍സയും ആരംഭിക്കണമെന്നും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്വര ശ്രദ്ധയുണ്ടാകണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയെട്ടാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെടുന്നു.

പ്രമേയം 6
കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികള്‍ വരുത്തി വികേന്ദ്രീകൃതമായി നടപ്പാക്കുക

കാലാവസ്ഥാ വ്യതിയാനം ഇന്ന് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് പൊതുജനാരോഗ്യമഖലയില്‍ വലിയ ആഘാതമുണ്ടാക്കും.അതിന്റെ സൂചനയാണ് കോവിഡ് 19 രോഗത്തിന്റെ ആഗോളവ്യാപനം. കാലാവസ്ഥാമാറ്റ ത്തിന്റെ ഫലമായി ഇനിയും പുതിയ രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പുതരുന്നു. പൊതുജനാരോഗ്യ സംരക്ഷണത്തിന് ഏകാരോഗ്യം (one Health) എന്ന ആശ യത്തിലേക്ക് ലോകം മാറി കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കേരള നിയമസഭ പാസ്സാക്കിയ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ഏറെ പ്രസക്തമാണ്. എന്നാല്‍ കോവിഡ് 19 രോഗത്തെ മാത്രം മുന്‍നിര്‍ ത്തിയാണ് ഈ നിയമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സമഗ്രതയില്ലായ്മയും താഴെ തട്ടില്‍ വിവിധ വകുപ്പകളെ പ്രയോജനപ്പെടുത്തി വികേന്ദ്രീകൃതമായ നടത്തിപ് രീതി ഇല്ലാത്തതും ഈ നിയമത്തിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നു.

നിലവില്‍ ഈ നിയമത്തിന്റെ നിര്‍വ്വഹണച്ചുമതല പോലീസിനാണ് നല്‍കിയിട്ടുള്ളത്.ആരോഗ്യ സംരക്ഷണത്തിന്റേയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളുടേയും പൂര്‍ണ്ണ ചുമതല വഹിക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പിനോ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തു ണാസംവിധാനങ്ങള്‍ ഒരുക്കുകയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ ഈ നിയമത്തിന്റെ നിര്‍വ്വഹണാധികാരം നല്‍കിയിട്ടില്ല.ജലജന്യരോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍ തുടങ്ങിയവയുണ്ടായാല്‍ അവയെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെ വരും. വിവിധ വകു പ്പുകളുടെ ഏകോപനം പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ ആവശ്യമാണ്. മൃഗസംരക്ഷണ വകുപ്പ്, ജലവിഭവ വകുപ്പ്,‘ക്ഷ്യ വകുപ്പ്, തുടങ്ങിയ വ്യത്യസ്ഥവകുപ്പുകള്‍ മുന്‍ നിന്ന് പ്രവര്‍ത്തിച്ചാലേ ഇത്തരം മഹാമാരികളെ നിയന്ത്രിക്കാന്‍ സാധിക്കൂ. ഇവയെ സുഗമമായി ഏകോപിപ്പിക്കാന്‍ സാധിക്കുന്നത് പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ്.ഏറ്റവും താഴെ തട്ടില്‍ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യ വകുപ്പിലെ മനുഷ്യ വിഭവശേഷിയെ ഉപയോഗപ്പെടുത്തുന്നതും ഈ നിയമനിര്‍മ്മാണത്തില്‍ പരിഗണിച്ചതായി കാണുന്നില്ല മറ്റൊരര്‍ത്ഥത്തില്‍ അധികാരം വികേന്ദ്രീകരിക്കുന്നതിനു പകരം അധികാരം കേന്ദ്രീകരിക്കുകയാണ് ഈ നിയമനിര്‍മ്മാണം വഴി ചെയ്തിട്ടുള്ളത്.

ആയതിനാല്‍ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി ഈ നിയമം സമഗ്രമാക്കണമെന്നും കേരളത്തിലെ അധികാര വികേന്ദ്രീകൃതപ്രവര്‍ത്തനങ്ങളുടെ അന്തസത്ത ഉള്‍ക്കൊണ്ട് നടപ്പാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയെട്ടാം വാര്‍ഷിക സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

പ്രമേയം 7
സമഗ്രമായ ഭാഷാസൂത്രണ നയത്തിന് രൂപം നല്‍കുക

ഐക്യകേരളമെന്ന സ്വപ്‌നത്തിലേക്ക് നയിച്ച ഘടകങ്ങളില്‍ ഏറ്റവും പ്രധാനമായത് മലയാളം സംസാ രിക്കുന്ന ജനവിഭാഗങ്ങളുടെ ഏകീകരണം എന്നതായിരുന്നു. എന്നാല്‍, ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും മാതൃഭാഷയായ മലയാളം പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ ഉല്‍പ്പാദന, സേവനമേഖലകളുടെ ഭാഷ ഏറെക്കുറെ മലയാളമല്ലാതായിരിക്കുന്നു. ഉപഭോഗപ്രധാനമായ ഒരു പ്രദേശമെന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ നമ്മുടെ കമ്പോളവും വ്യത്യസ്തമല്ല എന്നു കാണാം.

ഏറെ പ്രഖ്യാതമായ കേരളമാതൃകയുടെ അടിസ്ഥാനഘടകമായ പൊതുവിദ്യാഭ്യാസരംഗത്തെ മലയാളത്തിന്റെ സ്ഥിതി വലിയതോതിലുള്ള ആശങ്കകളിലേക്ക് നമ്മെ നയിക്കുന്നു. സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള ന്യൂനപക്ഷമായിരുന്നു നേരത്തെ ഇംഗ്ലീഷ് മാധ്യമ വിദ്യാഭാസത്തെ തിരഞ്ഞെടുത്തിരുന്നത്ഈ സ്ഥിതി മാറി യിരിക്കുന്നു. 2020 മാര്‍ച്ചില്‍ 55.90 ശതമാനം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മാധ്യമത്തിലൂടെയാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുമ്പോഴും മാതൃഭാഷയെ വിദ്യാഭ്യാസരംഗം കയ്യൊഴിയുന്നു. പൊതുവിദ്യാലയങ്ങളില്‍ ദരിദ്രരായ ഏതാനും കുട്ടികളുള്ള മലയാളം ഡിവിഷനും, ഇടത്തരക്കാരും സമ്പന്നരും പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും എന്ന അവസ്ഥ വന്നുകഴിഞ്ഞിരിക്കുന്നു. മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവു സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടില്ല. പ്രാദേശിക ഭാഷകളില്‍ എഞ്ചിനീയറിങ്ങ് പഠനം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരവസരം അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ മുന്നോട്ട് വച്ചെങ്കിലും കേരളം അത് സ്വീകരിച്ചിട്ടില്ല.

ഭരണഭാഷയും കോടതിഭാഷയും മലയാളമായിരിക്കണം എന്നത് കേരള രൂപീകരണം തൊട്ടുള്ള ആവശ്യമായിരുന്നു.എന്നാല്‍ ഈ ലക്ഷ്യം പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. പല സംസ്ഥാനങ്ങളും ഹൈക്കോടതി നടപടികള്‍ മാതൃഭാഷയിലേക്ക് മാറ്റാനുള്ള നടപടികളിലേക്ക് കടന്നുകഴിഞ്ഞിട്ടും കേരള ഹൈക്കോടതിക്ക് കീഴിലുള്ള കോടതികളില്‍പ്പോലും ഇപ്പോഴും കോടതിഭാഷ പൂര്‍ണമായും മലയാളമായിട്ടില്ല. 2017 മെയ് ഒന്നുതൊട്ട് കേരളത്തിലെ എല്ലാ വകുപ്പുകളിലും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും ഔദ്യോഗികനടപടികള്‍ക്ക് മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല.

മലയാളം നേരിടുന്ന പ്രതിസന്ധിയുടെ ആഴവും വൈപുല്യവും തിരിച്ചറിഞ്ഞുകൊണ്ട് നടപടികള്‍ കൈക്കൊള്ളാന്‍ ഇനിയും വൈകിക്കൂടാ. ഭാഷയും സംസ്‌കാരവും കൈമോശം വന്ന ഒരു ജനവിഭാഗമായി മാറാന്‍ നമുക്കു കഴിയില്ല.കോളണിഭരണം അടിച്ചേല്‍പ്പിച്ച ദാസ്യമനോഭാവം വലിച്ചെറിയാനും മനസ്സുകളുടെ അപകോളണീകരണത്തിലേയ്ക്ക് നാം നീങ്ങേമ്ടതുണ്ട്.

ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി പ്രാദേശിക‘ഭാഷകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികള്‍ ഇന്ന് ലോകമാകെ ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ആഗോളഭീമന്‍ ഭാഷകള്‍ക്ക് അപ്രമാദിത്വം ലഭിക്കുമ്പോള്‍ തന്നെ പ്രാദേശികഭാഷകള്‍ക്കുള്ള ചില അവസരങ്ങളും ഇതു തുറന്നിടുന്നുണ്ടെന്ന് കാണാതിരുന്നുകൂടാ. വേള്‍ഡ് വൈഡ് വെബ്ബും ഇന്റര്‍നെറ്റും തുറന്നുതരുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. യൂണിക്കോഡ് എന്‍കോഡിങ്ങ് വ്യവസ്ഥ യാഥാര്‍ത്ഥ്യമായതോടെ കമ്പ്യൂട്ടര്‍ രംഗത്ത് അയത്‌ന ലളിതിമായി മലയാളം ഉപയോഗിക്കാന്‍ കഴിയും. ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികള്‍ക്കും ഭാഷയ്ക്കുവേണ്ടി ഒന്നിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമെന്ന് വന്നിരിക്കുന്നു. ഇത്തരം സാധ്യതകളെ തിരിച്ചറിഞ്ഞ് മലയാളഭാഷ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്ക് തുടക്കമിടേണ്ടതുണ്ട്. ഒപ്പം, കേരളത്തെ ഒരു ജ്ഞാനസമൂഹമായി വളര്‍ത്താന്‍ ഉതകുന്ന തരത്തിലേക്ക് മലയാളത്തെ വളര്‍ത്തേണ്ടതുണ്ട്.

ഭാഷ ആത്യന്തികമായി ഒരു വികസന പ്രശ്‌നമാണെന്നും രാഷ്ട്രീയ പ്രശ്‌നമാണെന്നുമുള്ള നിലപാടുതറയില്‍ നിന്നേ മലയാളം ഇന്നനു‘വിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയൂ. സംസ്ഥാനത്തിന്റെ വികസന അജണ്ടയുമായി ചേര്‍ത്തുവെച്ചേ പ്രശ്‌നപരിഹാരം കാണാന്‍ കഴിയൂ. കേരളവികസന മാതൃകയുടെ ഇന്നത്തെ അവസ്ഥ,ആഗോള തൊഴില്‍ വിപണിയിലെ ചലനങ്ങള്‍ എന്നിവയെയെല്ലാം പരിഗണിച്ച് സമഗ്രമായ ഒരു ഭാഷാസൂത്രണനയത്തിന് രൂപം നല്‍കേണ്ടതുണ്ട്. ശാസ്ത്രീയമായ ഭാഷാനയത്തോടൊപ്പം മലയാളത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി സാക്ഷരതാ പ്രസ്ഥാനം പോലെയും ജനകീയാസൂത്രണ പ്രസ്ഥാനം പോലെയുമുള്ള വിപുലമായ ഒരു ജനകീയ പ്രസ്ഥാനത്തിന് രൂപം നല്‍കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അമ്പത്തിയെട്ടാം വാര്‍ഷിക സമ്മേളനം കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.