വെട്ടുകാട് പള്ളിയെ ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും : മന്ത്രി മുഹമ്മദ്‌ റിയാസ്

 
വെട്ടുകാട് പള്ളിയിൽ അമിനിറ്റി സെന്റർ തുറന്നു

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിനെ പ്രധാന ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപെടുത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. 
 തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വെട്ടുകാട്  ദേവാലയത്തില്‍ മൂന്ന് കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ടൂറിസം അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരാധാനാലയങ്ങൾ ഉൾപ്പെടെയുള്ള പൗരാണിക കെട്ടിടങ്ങളിൽ രാത്രിയിൽ പ്രത്യേക ദീപലങ്കാരം നടത്തി നടപ്പിലാക്കിയ തിരുവിതാംകൂർ ഹെറിറ്റേജ് സർക്യൂട് പദ്ധതി തിരുവനന്തപുരം നഗരത്തെ കൂടുതൽ ആകർഷകമാക്കിയെന്നും മന്ത്രി പറഞ്ഞു. തീർത്ഥാടന ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള സംസ്ഥാനമായ കേരളത്തിൽ അങ്ങോളമിങ്ങോളം പുരാതനവും ചരിത്രപ്രസിദ്ധവുമായ നിരവധി ആരാധനാലയങ്ങളുണ്ട്. ഇവയെല്ലാം മത സാഹോദര്യത്തിന്റെയും മാനവ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ഇന്നും അതുപോലെ നിലകൊള്ളുന്നു എന്നതാണ് കേരളത്തിലെ പ്രത്യേകത. നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികൾ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്നുണ്ട്. എല്ലാ മനുഷ്യരെയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്ന സഹോദര്യത്തിന്റെ സന്ദേശമാണ് വെട്ടുകാട് പള്ളി മുന്നോട്ടുവയ്ക്കുന്നത്. മനോഹരമായി പണികഴിപ്പിച്ച പള്ളിയും വിശാലമായ കടലും ഈ പ്രദേശത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ശംഖുമുഖം ബീച്ചും വേളി ടൂറിസം കേന്ദ്രവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും വെട്ടുകാടിന്റെ ടൂറിസം സാധ്യതകളെ വർദ്ധിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ദേവാലയങ്ങളിലൊന്നായ വെട്ടുകാടിന്റെ വിനോദ സഞ്ചാര സാധ്യത കൂടി കണക്കിലെടുത്താണ് ഇവിടെ ഒന്നാം പിണറായി വിജയൻ സർക്കാർ അമിനിറ്റി സെന്റർ അനുവദിച്ചതെന്നു മന്ത്രി പറഞ്ഞു. 

വിവിധ മതവിഭാഗങ്ങളുടെ തീര്‍ത്ഥാടക കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് പ്രില്‍ഗ്രിം ടൂറിസം - തത്വമസി പദ്ധതിയുടെ കീഴില്‍  2021ലാണ് അമിനിറ്റി സെന്ററിന്റെ തറക്കല്ലിട്ടത്. പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും തീര്‍ത്ഥാടകര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് നിലയിലായി 3166 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണിത കെട്ടിടത്തില്‍ ഓഡിറ്റോറിയം, വിശ്രമമുറികള്‍, ഊട്ടുപുര, ഗ്രീന്‍ റൂം, ശുചിമുറി സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 വെട്ടുകാട് പള്ളി പരിസരത്ത് നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ, സെറാഫിൻ ഫ്രെഡി, വെട്ടുകാട് ഇടവക വികാരി റവ: ഫാദർ എഡിസൺ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാജീവ് ജി എൽ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സംബന്ധിച്ചു.