സംസ്ഥാനത്തുടനീളം 16 വരെ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്തുടനീളം നവംബർ 16 വരെ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉൾപ്പടെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിക്കുന്നതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അടക്കം റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മണ്ണിടിച്ചിൽ, പ്രളയ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ ഈ ദിവസങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണ്.
ശക്തമായ മഴ തുടരുന്നതിനാൽ നഗരപ്രദേശങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകരുതലുകൾ അധികൃതരും പൊതുജനങ്ങളും സ്വീകരിക്കണം. അതിതീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടിവരും.
ഡാമുകളുടെ റൂൾ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും കെഎസ്ഇബി, ഇറിഗേഷൻ, കെഡബ്ല്യുഎ വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.