‘ഒരു ചെറിയ തെറ്റ്, യുപി കേരളമായേക്കും’; വോട്ടെടുപ്പിന് മുമ്പ് യോഗിയുടെ മുന്നറിയിപ്പ്

 

ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ ബംഗാളോ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അത്ഭുതകരമായ പലമാറ്റങ്ങളും സംഭവിച്ചു. ഇനി ജനങ്ങൾക്ക് തെറ്റുപറ്റിയാൽ ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകും. ഓരോ വ്യക്തിയുടേയും വോട്ട് തന്റെ അഞ്ച് വർഷത്തെ പ്രയത്‌നത്തിനുള്ള അനുഗ്രഹമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിൻ സർക്കാർ ആത്മാർത്ഥതയോടെയാണ് ഇവിടെ പ്രവർത്തിച്ചതെന്നും വലിയ തീരുമാനത്തിനുള്ള സമയമാണിതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.ഇതിനിടെയാണ് കശ്മീരോ കേരളമോ ബംഗാളോ പോലെ യുപിയും മാറിപ്പോകുമെന്ന് യോഗി വിവാദമായ മുന്നറിയിപ്പും നല്‍കുന്നത്. ബിജെപിയുടെ ഇരട്ട എഞ്ചിന്‍ ഭരണസംവിധാനത്തിന്റെ മികവില്‍ പ്രതിബദ്ധതയോടെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചിരുന്നതെന്നും യോഗി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളില്നിന്ന് വോട്ടെടുപ്പ് നടക്കുന്നത്. ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജെപിയും സമാജ്‌വാദി പാർട്ടിയും കളത്തിലിറങ്ങുന്നത്. നിലവിൽ പോളിംഗ് 8 %. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്. ജനവിധി തേടുന്നത് യോഗി ആദിത്യനാഥ്‌ മന്ത്രിസഭയിലെ പ്രമുഖർ ഉൾപ്പെടെ 615 പേരാണ്. ഈ ഘട്ടത്തില്‍ 2.27 കോടി ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.

ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായാണ് 2022ലെ യുപി തെരഞ്ഞെടുപ്പ്. ശ്രീകാന്ത് ശർമ്മ, സുരേഷ് റാണ, സന്ദീപ് സിംഗ്, കപിൽ ദേവ് അഗർവാൾ, അതുൽ ഗാർഗ്, ചൗധരി ലക്ഷ്മി നരേൻ തുടങ്ങിയ മന്ത്രിമാരുടെ വിധി ആദ്യഘട്ടത്തിൽ തീരുമാനിക്കും. 2017ൽ 58ൽ 53 സീറ്റുകൾ ബിജെപി നേടിയപ്പോൾ സമാജ്‌വാദി പാർട്ടിക്കും ബിഎസ്‌പിക്കും രണ്ട് വീതം സീറ്റുകളാണ് ലഭിച്ചത്. ഒരു സീറ്റ് രാഷ്ട്രീയ ലോക്ദളിന് ലഭിച്ചു.