പഞ്ചാബ് തൂത്തുവാരി ആം ആദ്മി  ഉത്തർപ്രദേശിൽ വീണ്ടും യോഗി

 

ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
ഒന്നര മണിക്കൂറിന് ശേഷം മൂന്നിടത്ത് ബിജെപി ലീഡ് തുടരുന്നു.ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്ന സമയത്ത് ഉത്തര്‍പ്രദേശില്‍ ബി ജെ പി സേഫ് ആയി. ലീഡ് 288 സീറ്റ് കടന്നു.102 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എസ് പി ആണ് തൊട്ടുപിന്നില്‍. ഗോരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ലീഡ് ചെയ്യുന്നത്.ഉത്തരാഖണ്ഡിലും ബിജെപി കരുത്താര്‍ജ്ജിക്കുന്നു. 36 സീറ്റുകളില്‍ ബി ജെ പിയും 22 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ഗോവയില്‍ സസ്പെൻസ് . തൂക്കുസഭ ? 16 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി 18 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി സാവന്ത് പിന്നിലാണ്. നാല് സീറ്റുകളില്‍ തൃണമൂല്‍ സഖ്യം മുന്നിലാണ്.പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി 88 സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് 19സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. മണിപ്പൂരില്‍ ഇഞ്ചോടിച്ച്‌ പോരാട്ടം നടക്കുകയാണ്.അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സെമിഫൈനല്‍ എന്നു വിശേഷിപ്പിച്ച ഈ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച്‌ ആംആദ്‌മി പാര്‍ട്ടി അധികാരമേറുമെന്നാണ് സര്‍വെ ഫലങ്ങള്‍. മണിപ്പൂരില്‍ തൂക്കുസഭ ? ബി.ജെ.പിക്കാണ് ആദ്യമുന്‍തൂക്കം. കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ബി.ജെ.പിക്കാണ് മുന്‍തൂക്കം. 40 അംഗ നിയമസഭയുള്ള ഗോവയില്‍ തൂക്ക് മന്ത്രിസഭയ്‌ക്കുള്ള സാദ്ധ്യതയാണ് സര്‍വെകള്‍ പ്രവചിച്ചത്.
 യുപിയിൽ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം ബിജെപി മുന്നിൽ. ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി ബിജെപി ലീഡ് ചെയ്യുന്നത് അതിശയമാണെന്ന് വിദഗ്ധർ അഭിപ്രായപെടുന്നു.

പഞ്ചാബില്‍ കോണ്‍ഗ്രസിനു മാത്രമല്ല തിരിച്ചടി. തമ്മിലടിക്കുകയും അധികാരഭ്രാന്തു പിടിച്ച നടക്കുകയും ജനത്തെ മടുപ്പിക്കുകയും ചെയ്‌ത എല്ലാ ഉന്നത നേതാക്കളും തോറ്റുകൊണ്ടിരിക്കയാണ്‌. അകാലിദള്‍ നേതാവ്‌ പ്രകാശ്‌സിങ്‌ ബാദല്‍, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്‌, ഇപ്പോഴത്തെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി ചരണ്‍ജിത്‌ ചന്നി, കോണ്‍ഗ്രസ്സില്‍ സകല ശല്യവും കുത്തിത്തിരിപ്പും ഉയര്‍ത്തി മുഖ്യമന്ത്രിക്കസേര മോഹിച്ചു നടക്കുന്ന നവ്‌ജോത്‌ സിദ്ദു–എല്ലാവരും തോല്‍വിയുടെ വക്കിലാണ്‌. അധികാരത്തിനായുള്ള ആര്‍ത്തി മൂത്ത തമ്മിലടിയും നീക്കങ്ങളും ജനം മടുത്തതിന്റെ വ്യക്തമായ സൂചനയാണത്‌.
കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തിലെ വാട്ടര്‍ലൂ ആയി, പരമദുരന്തമായി മാറുക പഞ്ചാബ്‌ തന്നെയായിരിക്കും. കോണ്‍ഗ്രസിന്‌ ഏറ്റവും വലിയ ശക്തമായ സംഘടനാ സംവിധാനം ഇന്ത്യയിലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസിലെ അവസാനിക്കാത്ത തമ്മില്‍ത്തല്ല്‌ മടുത്ത കോണ്‍ഗ്രസ്‌ അനുഭാവിലക്ഷങ്ങള്‍ തന്നെ ആം ആദ്‌മിക്ക്‌ വോട്ടു ചെയ്‌തതിന്റെ സൂചനയാണ്‌ പുറത്തു വന്നിരിക്കുന്നത്‌.ഇന്ത്യയില്‍ എവിടെയും ആം ആദ്‌മി പിടിച്ചെടുത്തിരിക്കുന്നത്‌ കോണ്‍ഗ്രസിന്‌ നേരത്തെ ഉണ്ടായിരുന്ന ഇടത്തെയാണ്‌ എന്നതാണ്‌ ശ്രദ്ധേയം. ഡെല്‍ഹി മുതല്‍ ഇത്‌ തുടങ്ങി. രാഹുലിന്റെയും പ്രിയങ്കാദികളുടെയും ദയനീയമായ പരാജയമാണിത്‌.ആം ആദ്‌മി അധിനിവേശം നടത്തിയ കോണ്‍ഗ്രസിന്റെ ഇടങ്ങള്‍ തിരിച്ചറിഞ്ഞ്‌ പ്രതിരോധിച്ച്‌ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിലെ അഭിനവ സെലന്‍സ്‌കിമാര്‍ക്ക്‌ സാധിക്കാത്തതാണ്‌ പഞ്ചാബില്‍ കാണുന്നത്‌. നവ്‌ജോത്‌ സിങ്‌ സിദ്ദുവിനെ പോലെ ഒരു സ്ഥിരതയുമില്ലാത്ത, പക്വതയില്ലാത്ത, സ്വന്തം താല്‍പര്യങ്ങള്‍ക്കായി പാര്‍ടിയെ നശിപ്പിക്കാന്‍ മടിക്കാത്ത നേതാവിനെ പിന്തുണച്ചതാണ്‌ പഞ്ചാബില്‍ ദേശീയ നേതൃത്വം കാണിച്ച ഏറ്റവും വലിയ മണ്ടത്തരം. സിദ്ദുവിനെ നേരത്തെ എടുത്ത്‌ പുറത്ത്‌ കളഞ്ഞിരുന്നെങ്കില്‍ കെട്ടുറപ്പോടെ ഉള്ള നേതാക്കളെയും വെച്ച്‌ തിരഞ്ഞെടുപ്പിലേക്ക്‌ പോകാന്‍ പാര്‍ടിക്ക്‌ സാധിക്കുമായിരുന്നു.ആം ആദ്‌മി നേതാക്കളുടെ ഔന്നത്യം കൊണ്ടല്ല, പകരം കോണ്‍ഗ്രസ്‌ അനുഭാവികളില്‍ സൃഷ്ടിക്കപ്പെട്ട മടുപ്പിനെ ഉപയോഗിച്ചാണ്‌ അധികാരത്തിലേക്ക്‌ വരാന്‍ പോകുന്നത്‌. ദേശീയ രാഷ്ട്രീയത്തില്‍ ആം ആദ്‌മി കോണ്‍ഗ്രസിനു പകരം രംഗത്ത്‌ വന്നിരിക്കയാണെന്ന്‌ പാര്‍ടി നേതാവ്‌ രാഘവ്‌ ഛദ്ദ അഭിപ്രായപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്ക് മേൽ വാഹമിടിച്ച് കയറ്റി 8 പേരെ കൊലപ്പെടുത്തിയ ലഖിംപൂർ ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഗാസിയാബാദ്, ബാഗ്പത് മണ്ഡലങ്ങളിലും ബിജെപി മുന്നിട്ടുനിൽക്കുകയാണ്. ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡ് ചെയ്യുകയാണ്. ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ഇവിടെ യോഗിയുടെ മുഖ്യ എതിരാളി. 1989ന് ശേഷം തുടർച്ചയായി രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തിൽ ഇരിക്കാത്ത സംസ്ഥാനമാണ് യുപി. 1989ൽ ജനതാദളിന്‍റെ മുലായം സിങായിരുന്നു മുഖ്യമന്ത്രിയെങ്കിൽ 1991-92ൽ കല്യാൺ സിങ്ങായി ആ പദവിയിൽ. ബാബരി മസ്ജിദിന്‍റെ തകർച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വന്നു. പിന്നീട് മുഖ്യമന്ത്രിയായത് (1993-95) മുലായം. 95ൽ ബിഎസ്പി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായി. 96ൽ വീണ്ടും രാഷ്ട്രപതി ഭരണം. 97ൽ വീണ്ടും മായാവതി. തൊട്ടുപിന്നാലെ കല്യാൺ സിങ് ഒരിക്കൽക്കൂടി അധികാരത്തിൽ.

1999 മുതൽ 2002 വരെ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നു എങ്കിലും ഇക്കാലയളവിൽ കല്യാൺ സിങിനെ കൂടാതെ രാം പ്രകാശ് ഗുപ്തയും രാജ്‌നാഥ് സിങും മുഖ്യമന്ത്രി പദത്തിലിരുന്നു. 2002ൽ കുറച്ചു കാലം രാഷ്ട്രപതി ഭരണം. അതിനു ശേഷം ഒരു വർഷം മായവതി മുഖ്യമന്ത്രിയായി. പിന്നീട് 2003 മുതൽ 2007 വരെ മുലായം സിങ് യാദവ്. 2007ൽ വീണ്ടും മായാവതി അധികാരത്തിലെത്തി. 2012ൽ ബിഎസ്പിയെ തോൽപ്പിച്ച് സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തി. മുലായം സിങ്ങിന്റെ മകൻ അഖിലേഷ് യാദവാണ് മുഖ്യമന്ത്രിയായത്. 2017 മുതൽ ബിജെപിയുടെ യോഗി ആദിത്യനാഥും. 403 നിയമസഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ ഇത്തവണ ബിജെപിയും എസ്പിയും തമ്മിലാണ് നേരിട്ടുള്ള പോരാട്ടം.