ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ബൊളീവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻസിബി

 
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ബൊളീവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻസിബി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് മാസത്തിനുള്ളിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും.

ഒക്ടോബർ മൂന്നിനാണ് മുംബൈയിൽ ആഡംബര കപ്പലിൽ നടന്ന ലഹരിപാർട്ടിക്കിടെ ആര്യൻ ഖാനടക്കം 14 പേരെ നർകോട്ടിക് കൺട്രോൾ ബ്യുറോ അറസ്റ്റ് ചെയ്തത്. ആര്യൻ ഖാന് രാജ്യാന്തര ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലെ പ്രധാന ആരോപണം. എന്നാൽ അന്വേഷണം വിവാദമായതോടെ സമീർ വാങ്കഡെയെ തലസ്ഥാനത്ത് നിന്ന് നീക്കി പ്രത്യേക സംഘത്ത കേസ് അന്വേഷണം ഏൽപ്പിച്ചു. ഈ അന്വേഷണത്തിലാണ് ആര്യൻ ഖാനെതിരെ തെളിവില്ലെന്ന കണ്ടെത്തൽ.  സമീർ വാങ്കഡെയുടെ അന്വേഷണത്തിനെതിരെയും സംഘം ചോദ്യമുയർത്തുന്നു. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചില്ല. എൻസിബി ചട്ടം അനുസരിച്ച് റെയ്ഡ് നടപടികൾ വിഡിയോയിൽ ചിത്രീകരിക്കണം. എന്നാൽ അതുണ്ടായില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് ആര്യന്റെ രാജ്യാന്തര ബന്ധം തെളിയിക്കാനായില്ലെന്നും ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും നർകൊട്ടിക് കണ്ട്രോൾ ബ്യുറോ കണ്ടെത്തി.കേസിൽ 25 ദിവസം ജയിലിൽ കിടന്ന ശേഷമായിരുന്നു ആര്യൻ ഖാന് ജാമ്യം ലഭിച്ചത്. ജാമ്യ ഹർജി പരിഗണിക്കുന്നതിടെ മുൻ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾക്കെതിരെ കോടതിയും ചോദ്യങ്ങൾ ഉയർത്തിയിരുന്നു.