ആം ആദ്മി വിടാന്‍ സമ്മര്‍ദം; സി.ബി.ഐ ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

 
എക്‌സൈസ് പോളിസി അഴിമതിയുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി.ബി.ഐ ഓഫീസിൽ നിന്ന് പുറത്തുവന്നു. ചോദ്യം ചെയ്യലിന് ശേഷം സി.ബി.ഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

ആം ആദ്മി പാർട്ടി വിടാൻ സമ്മർദ്ദം ചെലുത്തിയെന്നും മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും മനീഷ് സിസോദിയ ആരോപിച്ചു.

തനിക്കെതിരെയുള്ള വ്യാജ എക്സൈസ് കേസ് ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസ്’ ഡൽഹിയിൽ വിജയിപ്പിക്കാനുള്ള ഗൂഡാലോചനയാണെന്ന് സിസോദിയ പറഞ്ഞു. തങ്ങൾ നൽകുന്ന ഓഫറുകൾ സ്വീകരിച്ചില്ലെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് സിബിഐ ഭീഷണിപ്പെടുത്തിയതായും സിസോദിയ പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിസോദിയയെ ജയിലിലടക്കാനാണ് ബി.ജെ.പി ലക്ഷ്യമെന്ന് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. എന്നാൽ, ഒരു ജയിലിലും അദ്ദേഹത്തെ പാർപ്പിക്കാൻ കഴിയില്ലെന്നും ജയിലിന്റെ പൂട്ടുകൾ തകർന്ന് മനീഷ് സിസോദിയ സ്വതന്ത്രനാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

സിസോദിയയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച സഞ്ജയ് സിങ് എം.പി ഉൾപ്പെടെ നിരവധി എ.എ.പി നേതാക്കളെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. നൂറോളം നേതാക്കളെയും പ്രവർത്തകരെയും സി.ബി.ഐ ഓഫിസിന് പുറത്ത് തടഞ്ഞുവെക്കുകയും ചെയ്തു.

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയിൽനിന്ന് അന്വേഷണത്തിന് അനുമതി ലഭിച്ചതിനെത്തുടർന്ന് സിസോദിയയുടെ വീട്ടിൽ സി.ബി.ഐ നിരവധി തവണ പരിശോധനകൾ നടത്തിയിരുന്നു.