രണ്ട് വിമത എംഎൽഎമാർ കൂടി ഷിൻഡെ ക്യാമ്പിൽ; വിമതരുടെ എണ്ണം 46 ആയി

 
 ശിവസേനയ്ക്ക് തലവേദന കൂട്ടി രണ്ടു എംഎൽഎമാർ കൂടി ഏക്നാഥ് ഷിൻഡെ ക്യാമ്പിലെത്തി. ഇതോടെ വിമത എംഎൽഎമാരുടെ എണ്ണം 46 ആയി. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ ആവശ്യമായ എം‌എൽ‌എമാരുടെ എണ്ണം കൂടിയാണ് ഷിൻഡെ മറികടന്നിരിക്കുന്നത്. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ 37 പാർട്ടി എം‌എൽ‌എമാരുടെ പിന്തുണയാണ് വേണ്ടത്. അംഗബലം മുന്‍നിര്‍ത്തി ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അവകാശപ്പെടാനാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നീക്കം.
മൂന്ന് എംഎൽഎമാർ കൂടി നാളെ ഏകനാഥ് ഷിൻഡെയുടെ വിമത ക്യാമ്പിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഇതോടെ 40 ശിവസേന എംഎൽഎമാരും 9 സ്വതന്ത്ര എംഎൽഎമാരുമായി 'വിമത സേന'യുടെ എണ്ണം 49 ആവും.അതേസമയം, കോൺഗ്രസും എൻസിപിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 12 എംഎൽഎമാർക്കെതിരെ പരാതി നൽകിയതിനെതിരെ ഏക്നാഥ് ഷിൻഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ആരെയാണ് ഭയപ്പെടുത്താൻ നോക്കുന്നത്. അങ്ങനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും യഥാർത്ഥ ശിവസേന തങ്ങളാണ്. തങ്ങൾക്കും നിയമം അറിയാം.' എന്ന് ഏക്നാഥ് ഷിൻഡെ ട്വിറ്ററിൽ കുറിച്ചു. ശിവസേന എംഎൽഎമാരെ ബിജെപിയിൽ ലയിപ്പിച്ച് കൂറുമാറ്റ നിയമം മറികടക്കുകയോ അല്ലെങ്കിൽ ഉദ്ധവ് താക്കറെയെ മഹാ വികാസ് അഘാടി വിടാൻ നിർബന്ധിതനാക്കുകയോ ചെയ്യുകയാണ് പ്രതിസന്ധികൊണ്ട് എൻഡിഎ ലക്ഷ്യംവെക്കുന്നത്. എന്നാൽ മഹാ വികാസ് അഘാടി വിടില്ലെന്ന് ഉദ്ധവ് താക്കറെ എൻസിപിയേയും കോൺഗ്രസിനേയും അറിയിച്ചിട്ടുണ്ട്.മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങൾക്ക് എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ നേതൃത്വം നൽകുന്നുണ്ട്. സര്‍ക്കാര്‍ തുടരുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന രാഷ്ട്രീയ നേതാവ് വിമതരെ വിശ്വാസ വോട്ടെടുപ്പിന് വെല്ലുവിളിച്ചിരിക്കുകയാണ്. 'എങ്ങനെയാണ് വിമതരായ ശിവസേന എംഎല്‍എമാരെ ഗുജറാത്തിലേക്കും അവിടെ നിന്ന് അസമിലേക്ക് കൊണ്ടുപോയതെന്ന് എല്ലാവര്‍ക്കും അറിയാം. അവരെ സഹായിക്കുന്നത് ആരാണെന്ന് ഞാന്‍ പേരെടുത്ത് പറയുന്നില്ല. അസം സര്‍ക്കാര്‍ അവരെ സഹായിക്കുന്നുണ്ട്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ വിധാന്‍ സഭയില്‍ വരാതെ പറ്റില്ല,' എന്നും പവാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.