പതഞ്ജലിയുടെ മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു: രാംദേവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍
കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തിന് പിന്നാലെ യോഗാഗുരു രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്.ഐ.ആര്. പതഞ്ജലിയുടെ കൊറോണില്‍ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ജയ്പൂര്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബാബാ രാംദേവ് പതഞ്ജലിയുടെ കൊറോണില്‍ ലോഞ്ച് ചെയ്തതിന് പിന്നാലെ ആയുഷ് മിനിസ്ട്രി വിശദാംശങ്ങള്‍ തേടിയിരുന്നു. പരസ്യങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പിന്നാലെയാണ് ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാംദേവിനും ആചാര്യ ബാല്‍കൃഷ്ണക്കും പുറമെ ശാസ്ത്രജ്ഞന് അനുരാഗ് വര്‍ഷ്നി, നിംസ് ചെയര്മാന് ബല്‍ബീര്‍ സിംഗ് തോമര്‍, ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍. സെക്ഷന്‍ 420 -വഞ്ചനാകുറ്റം ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്.
ഏഴ് ദിവസം കൊണ്ട് കോവിഡ് രോഗം ഭേദപ്പെടുത്തുമെന്ന അവകാശവാദവുമായാണ് രാംദേവിന്റെ പതഞ്ജലി, ആയുർവേദ മരുന്ന് പുറത്തിറക്കിയത്. കൊറോണിൽ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാംദേവ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച കൊണ്ട് 100 ശതമാനവും രോഗവിമുക്തി നേടാമെന്നും അദ്ദേഹം അവകാശപ്പെട്ടു.
100 രോഗികള്‍ക്ക് മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്കി. അവരില്‍ 69 ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായി. ഏഴു ദിവസത്തിനുള്ളില്‍ 100 ശതമാനം രോഗമുക്തരാകും. മതിയായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്നും രാം ദേവ് അവകാശപ്പെട്ടു.
എന്നാല്‍ ഏതെല്ലാം ആശുപത്രികളിലാണ് ഗവേഷണം നടത്തിയത്, ഇത്തരമൊരു പരീക്ഷണം നടത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടിയിരുന്നോ, ഇതിന് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ രജിസ്ട്രേഷൻ നടത്തിയോ എന്നീ വിശദാംശങ്ങള്‍ കേന്ദ്രം പതഞ്ജലിയോട് ചോദിച്ചിട്ടുണ്ട്.
പതഞ്ജലിയുടെ കോവിഡ് മരുന്ന് പരീക്ഷിച്ച ആശുപത്രിക്ക് നോട്ടീസ്
ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ കോവിഡ് മരുന്ന് പരീക്ഷിച്ച ആശുപത്രിക്ക് രാജസ്ഥാൻ സർക്കാർ നോട്ടീസ് അയച്ചു. ജയ്പുരിലെ നിംസ് ആശുപത്രിക്കാണ് രാജസ്ഥാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയത്.
മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അനുമതി തേടാതെയാണ് ആശുപത്രി മരുന്ന് പരീക്ഷിച്ചത്. നിംസുമായി ചേർന്നാണ് മരുന്ന് വികസിപ്പിക്കുകയും പരീക്ഷണം നടത്തിയതെന്നുമാണ് പതഞ്ജലിയുടെ വാദം.
ഏഴ് ദിവസത്തിനുള്ളിൽ കോവിഡ് രോഗം മാറുമെന്ന് അവകാശപ്പെട്ട് രാംദേവും പതഞ്ജലി ആയുർവേദിക്സും ചൊവ്വാഴ്ചയാണു കൊറോണിൽ എന്ന പേരിൽ പുതിയ മരുന്ന് പുറത്തിറക്കിയത്. ഈ മരുന്ന് 280 പേരിൽ പരീക്ഷണം നടത്തിയിരുന്നെന്നും മൂന്നു ദിവസത്തിനുള്ളിൽ 69 ശതമാനം ആളുകളുടെയും ഏഴ് ദിവസത്തിനുള്ളിൽ 100 ശതമാനം ആളുകളുടെയും കോവിഡ് രോഗം മാറിയെന്നും രാംദേവ് അവകാശപ്പെട്ടിരുന്നു. എന്നാൽ, മരുന്നു പരീക്ഷണം നടത്തി യതിന്റെ വിവരങ്ങളും പരിശോധനാ റിപ്പോർട്ടുകളും വെളിപ്പെടുത്താൻ തയാറായില്ല.
കോവിഡ് മരുന്ന് എന്ന തരത്തിൽ പരസ്യം നൽകരുത് ആയുഷ് മന്ത്രാലയം നിർദേശിച്ചിരുന്നു. ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണ ഫലം എന്ത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ടോ, മരുന്നു തയാറാക്കിയതിന്റെ വിശദാംശങ്ങൾ, ലൈസൻസിന്റെ പകർപ്പ് തുടങ്ങിയ കാര്യങ്ങൾ ഏഴു ദിവസത്തിനുള്ളിൽ നൽകണമെന്നും ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.