ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിലായാലും വെറുതെ വിടില്ല
ബോളിവുഡ് താരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും അധോലോകസംഘാംഗം ഗോൾഡി ധില്ലന്റെ വധഭീഷണി. അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ 'ജൽസ' ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള പദ്ധതി ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ തകർക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി.
രണ്ടുപേരെ അറസ്റ്റ് ചെയ്തതുകൊണ്ട് ആക്രമണപദ്ധതിയിൽനിന്ന് പിന്മാറില്ലെന്ന് ഗോൾഡി ധില്ലൻ സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. മുംബൈയിൽ തങ്ങളുടെ 200-ഓളം അനുയായികൾ സജീവമാണെന്നും അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിലായിരുന്നാലും രക്ഷപ്പെടാനാകില്ലെന്നും പോസ്റ്റിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സമൂഹമാധ്യമ പോസ്റ്റിന്റെ ആധികാരികതയും അതിലെ അവകാശവാദങ്ങളും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അമിതാഭ് ബച്ചന്റെ വസതിയായ 'ജൽസ' ആക്രമിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള രണ്ട് പേരെയാണ് ഡൽഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ വികാസ് ഠാക്കൂർ എന്ന വിക്കി, തർൺ തരൺ സ്വദേശി ദീപക് സിങ് എന്ന ദീപ് എന്നിവരാണ് പിടിയിലായത്.
1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശങ്ങളാണ് അദ്ദേഹത്തെ ലക്ഷ്യമിടാൻ കാരണമെന്നാണ് സൂചന. സിഖ് സമൂഹത്തിനെതിരെ സംസാരിക്കുന്നവർക്കെതിരെയും പോസ്റ്റിൽ ഭീഷണിയുണ്ട്. ഡൽഹിയിലെ ഒരു വ്യവസായിയെ ആക്രമിക്കാനും സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ മാസവും അമിതാഭ് ബച്ചന്റെ മുംബൈ വസതിയായ 'ജൽസ' ലക്ഷ്യമിട്ട് മൂന്ന് വ്യത്യസ്ത ബോംബ് ഭീഷണി ഇ-മെയിലുകൾ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വീടിന് മുന്നിൽ ആരാധകരുമായി നടത്തുന്ന പ്രതിവാര കൂടിക്കാഴ്ചയിലും സുരക്ഷ ശക്തമാക്കിയിരുന്നു. നവംബർ ഒന്നിന് ആരാധകരെ അഭിവാദ്യം ചെയ്യാനെത്തിയ ബച്ചൻ മൂന്ന് വശവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഘടിപ്പിച്ച പ്രത്യേക സംവിധാനത്തിനുള്ളിൽ നിന്നാണ് അവരെ അഭിവാദ്യം ചെയ്തത്.
പതിവായി വീടിന് മുന്നിൽ ചക്രങ്ങളുള്ള ഉയർന്ന പീഠത്തിൽ നിന്നാണ് ബച്ചൻ ആരാധകരെ അഭിവാദ്യം ചെയ്യാറുള്ളത്. എന്നാൽ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇത്തവണ പീഠത്തിന് മൂന്ന് വശവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സ്ഥാപിച്ചിരുന്നു.
അതിനിടെ, പൊലീസ് നടപടിക്കുശേഷം അമിതാഭ് ബച്ചൻ എക്സിൽ പങ്കുവെച്ച 'ബച്ച് ഗയേ' (രക്ഷപ്പെട്ടു) എന്ന കുറിപ്പും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
രഹസ്യവിവരത്തെത്തുടർന്ന് ആദ്യം വികാസ് ഠാക്കൂറിനെയും തുടർന്ന് മുംബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ദീപക് സിങ്ങിനെയും പൊലീസ് പിടികൂടുകയായിരുന്നു. അമിതാഭ് ബച്ചനെ ആക്രമിക്കാനുള്ള ചുമതല ദീപക്കിനായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗൂഢാലോചനയുടെ യഥാർഥ ലക്ഷ്യം, പ്രതികൾ തമ്മിലുള്ള ബന്ധം, ഇവർക്ക് നിർദേശങ്ങൾ ലഭിച്ച ഉറവിടം എന്നിവ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.