നാഥുറാം ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ പ്രതിമ നിർമിക്കുമെന്ന് ഹിന്ദു മഹാസഭ. 1949ൽ ഗോഡ്സെയെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽ നിന്ന് കൊണ്ടുവന്ന മണ്ണ് ഉപയോഗിച്ചായിരിക്കും പ്രതിമ നിർമ്മിക്കുകയെന്നും തിങ്കളാഴ്ച ഗോഡ്സെയുടെ ചരമവാർഷിക ദിനാചരണ ചടങ്ങിൽ സംഘടന പറഞ്ഞു.
ഗോഡ്സെയെയും നാരായൺ ആപ്തെയെയും വധിച്ച അംബാല ജയിലിൽ നിന്ന് കഴിഞ്ഞയാഴ്ച മഹാസഭ പ്രവർത്തകർ മണ്ണ് കൊണ്ടുവന്നിരുന്നു. ഈ മണ്ണ് ഉപയോഗിച്ച് ഗോഡ്സെയുടെയും ആപ്തെയുടെയും പ്രതിമകൾ നിർമ്മിക്കുമെന്നും അവ ഗ്വാളിയോറിലെ മഹാസഭയുടെ ഓഫീസിൽ സ്ഥാപിക്കുമെന്നും സംഘടന ദേശീയ വൈസ് പ്രസിഡന്റ് ഡോ.ജൈവീർ ഭരദ്വാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മീററ്റിലെ (ഉത്തർപ്രദേശ്) ബലിദാൻ ധാമിൽ തിങ്കളാഴ്ച മഹാസഭ പ്രവർത്തകർ ഗോഡ്‌സെയുടെയും ആപ്തെയുടെയും പ്രതിമകൾ സ്ഥാപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങൾ ഇത്തരത്തിലുള്ള ബലിദാൻ പ്രതിമകൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017ൽ ഗ്വാളിയോർ ജില്ലാ ഭരണകൂടം ഗോഡ്‌സെയുടെ പ്രതിമ (മഹാസഭയുടെ ഓഫീസിൽ സ്ഥാപിച്ചത്) പിടിച്ചെടുത്തെങ്കിലും ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 1947 ൽ ഇന്ത്യ-പാക് വിഭജനത്തിന് ഉത്തരവാദി കോൺഗ്രസാണെന്നും ഭരദ്വാജ് ആരോപിച്ചു.
അതേസമയം, തിങ്കളാഴ്ച ഹിന്ദുമഹാസഭയുടെ പൊതുപരിപാടി ഉണ്ടായിരുന്നില്ലെന്ന് ഗ്വാളിയോർ അഡീഷണൽ പോലീസ് സൂപ്രണ്ട് സത്യേന്ദ്ര സിംഗ് തോമർ പറഞ്ഞു. ഇതുവരെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടില്ലെന്നും സംഘടനയുടെ പ്രവർത്തനങ്ങൾ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.