നശിപ്പിച്ചെന്ന് ഇഡി ആരോപിച്ച തെളിവുകൾ പ്രവർത്തകരെ ഉയർ‌ത്തിക്കാട്ടി കവിത

 

 മദ്യനയക്കേസില്‍ ബി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിതയുടെ ചോദ്യം ചെയ്യല്‍ മൂന്നാം ഘട്ടത്തിലേക്ക്. കഴിഞ്ഞ ദിവസം കവിതയെ 19 മണിക്കൂറോളമാണ് ഇ.ഡി ചോദ്യം ചെയ്തത്. മൂന്നാം ഘട്ട ചോദ്യം ചെയ്യലിന് ഇ.ഡിയ്ക്കു മുന്നില്‍ ഹാജരായ കവിത കവറുകളിലാക്കിയ തന്റെ ഫോണുകള്‍ മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടിയ ശേഷമാണ് അകത്തു കയറിയത്.

തെളിവില്ലാതെയാക്കാനായി കവിത പത്തു ഫോണുകള്‍ നശിപ്പിച്ചു എന്ന് ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടിലടക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് കവിത ഫോണുകള്‍ പ്രദര്‍ശിപ്പിച്ചത്. ഫോണുകള്‍ ഇ.ഡിയ്ക്കു മുന്നില്‍ ഹാജരാക്കും. മദ്യനയ വിവാദത്തില്‍പ്പെട്ട കമ്പനിയായ ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി കേസെടുത്തത്.

ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ മലയാളി മദ്യവ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ ഡൽഹി കോടതി ഏപ്രിൽ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കവിതയുടെ കൂട്ടാളി അഭിഷേക് ബൊയ്നപള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി ഇഡിക്കു നോട്ടിസ് അയച്ചു. അപേക്ഷ ഏപ്രിൽ 12നു പരിഗണിക്കും.