കൊലപാതകകുറ്റം, തടവ്; നവജ്യോത് സിദ്ദു ജയിലിൽനിന്ന് പുറത്തേക്ക്

 

പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 34 വർഷം മുമ്പ് നടന്ന ഒരു കൊലപാതക കേസിലാണ് സിദ്ദു ശിക്ഷിക്കപ്പെട്ടത്. പട്യാല ജയിലിൽ നിന്ന് സിദ്ദുവിനെ മോചിപ്പിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകനും സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷം സിദ്ദുവിനു സുപ്രീം കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 1988 ഡിസംബർ 27നാണ് സിദ്ദുവും സുഹൃത്തും ചേർന്ന് അറുപത്തിയഞ്ചുകാരനായ ഗുർനാം സിങ്ങിനെ കൊലപ്പെടുത്തിയത്. പാർക്കിംഗ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ഗുർനാമിനെ ഗുരുതരമായി പരിക്കേൽപ്പിച്ചത്. ഗുർനാം പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു.

2018ൽ 1000 രൂപ പിഴയടയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പിന്നീട് വിധി പുനഃപരിശോധിച്ച സുപ്രീം കോടതി സിദ്ദുവിനു ജയിൽ ശിക്ഷ വിധിച്ചു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനു പിന്നാലെ സിദ്ദു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവച്ചിരുന്നു.