കേജ്‌രിവാളിന് ജാമ്യമില്ല; ഡൽഹി മുഖ്യമന്ത്രി റിമാൻഡിൽ

ഇ.ഡി. കസ്റ്റഡിയിൽ ജീവന് ഭീഷണിയെന്ന് എഎപി

 

മദ്യനയ കേസിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി ) അറസ്റ്റിലായ ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ  അരവിന്ദ് കേജരിവാളിന് ജാമ്യമില്ല. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. 7 ദിവസത്തെ കസ്റ്റഡി ഡൽഹി റോസ് അവന്യൂ കോടതി അനുവദിക്കുകയായിരുന്നു.  മാർച്ച് 28  വരെയാണ്  കസ്റ്റഡി കലാവധി. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട വാദപ്രതിവാദ ത്തിനൊടുവിലാണ് ഡൽഹി കോടതി  കസ്റ്റഡിയില്‍ വിട്ടത്. കോടതിക്ക് പുറത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. വാദ പൂർത്തിയാക്കി മണിക്കൂറുകൾക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്.

അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചു. മാർച്ച് 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ ഘരാവോ മോഡൽ സമരം ചെയ്യുമെന്ന് എഎപി നേതാവ് ഗോപാൽ റായ് പറഞ്ഞു. നാളെ ഡൽഹി ഷഹീദി പാർക്കിൽ  നേതാക്കളുടെ രാജ്യ സംരക്ഷണ സത്യപ്രതിജ്ഞ സത്യപ്രതിജ്ഞയും സംഘടിപ്പിക്കും.

അതേസമയം, കള്ളപ്പണവെളുപ്പിക്കല്‍ നിരോധന നിയമത്തിൻ്റെ സെക്ഷന്‍ പത്തൊമ്പത് പ്രകാരമാണ് അരവിന്ദ് കേജ്‌രിവാളിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് വാദത്തിനിടെ ഇ ഡി കോടതിയെ അറിയിച്ചു. അറസ്റ്റ് വിവരം കുടുംബത്തെ അറിയിച്ചെന്നും റിമാന്‍ഡ് അപ്ലിക്കേഷൻ്റെ കോപ്പി നല്‍കിയെന്നും കോടതിയിൽ കേന്ദ്ര ഏജൻസി വ്യക്തമാക്കി. അറസ്റ്റിൻ്റെ പശ്ചാത്തലം അരവിന്ദ് കേ 'ജ്‌രിവാളിന് എഴുതി നല്‍കിയെന്നും ഇഡി കോടതിയെ അറിയിച്ചു. സുപ്രീം കോടതി സെന്തില്‍ ബാലാജി കേസില്‍ പുറപ്പെടുവിച്ച വിധിപകര്‍പ്പും ഇഡി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

അരവിന്ദ് കേജ്‌രിവാളാണ് ഡല്‍ഹി മദ്യനയകേസിലെ സൂത്രധാരൻ ഇ ഡി കോടതിയില്‍ വാദിച്ചു. സൗത്ത് ഗ്രൂപ്പിന് അനുകൂലമായി ഡല്‍ഹി മദ്യനയം രൂപീകരിക്കുന്നതിൽ അരവിന്ദ് കേജ്‌രിവാള്‍ നേരിട്ട് ഇടപെട്ടെന്നും ഇ.ഡി. കോടതിയില്‍ വാദിച്ചു.

അതേ സമയം;ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. രാജ്യ തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്. ഡല്‍ഹി മന്ത്രിമാരടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡല്‍ഹി മന്ത്രി അതിഷിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിഷിയെപൊലീസ് നടുറോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

തെളിവുകള്‍ ഒന്നുമില്ലാതെയാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തതെന്നും, കെജരിവാള്‍ വെല്ലുവിളിയാണെന്ന് മോദിക്കറിയാമെന്നും ഡൽഹി മന്ത്രി അതിഷി പറഞ്ഞു. രാജ്യത്ത് ഇത് ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ്. ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറെ അറസ്റ്റ് ചെയ്തു.അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ്. ഇന്‍കം ടാക്‌സിലെ ജോലി ഉപേക്ഷിച്ച് ജനസേവനത്തിനായി തെരുവിലിറങ്ങിയ ആളാണ് കെജരിവാള്‍. അദ്ദേഹത്തെ പ്രചാരണ രംഗത്തുനിന്നും മാറ്റി നിര്‍ത്തി ഏകപക്ഷീയമായ വിജയം നേടാമെന്ന് ബിജെപി കരുതേണ്ട. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപി ശ്രമത്തിൻ്റെ ഭാഗമാണ് അറസ്റ്റെന്നും അതിഷി കുറ്റപ്പെടുത്തി.