ഓപ്പറേഷൻ സമുദ്ര സേതു: ഇറാനിലെ ബന്ദർ അബ്ബാസിൽ നിന്നും ഇന്ത്യക്കാരുമായി ഐ എൻ എസ് ജലാശ്വാ യാത്ര തിരിച്ചു
ന്യൂഡൽഹി, ജൂൺ 26, 2020:സമുദ്ര സേതു ദൗത്യത്തിന്റെ ഭാഗമായി ഐ എൻ എസ് ജലാശ്വാ ഇറാനിലെ ബന്ദർ അബ്ബാസിൽ 2020 ജൂൺ 24 ന് വൈകിട്ട് എത്തിച്ചേർന്നു. ജൂൺ 25 ന് ഹാർബറിൽ പ്രവേശിച്ച കപ്പലിലേക്ക് ക്രമപ്രകാരമുള്ള മെഡിക്കൽ, ബാഗേജ് പരിശോധനകൾക്ക് ശേഷം 687 ഇന്ത്യൻ യാത്രികരെ പ്രവേശിപ്പിച്ചു. ഇറാനിലേക്കുള്ള യാത്ര മദ്ധ്യേ ഐ എൻ എസ് ജലാശ്വായിലെ ജീവനക്കാർ ഒഴിപ്പിക്കൽ നടപടികൾക്ക് മുൻപേയുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അണുനശീകരണം, യാത്രികർക്ക് താമസിക്കാനുള്ള സ്ഥല ക്രമീകരണം, മാസ്ക് ഉൾപ്പടെയുള്ള സാധനങ്ങൾ അടങ്ങിയ വെൽക്കം കിറ്റുകൾ എന്നിവയാണ് തയ്യാറാക്കിയത്. ഇന്ത്യൻ നാവികസേനാ തദ്ദേശീയമായി വികസിപ്പിച്ച രണ്ട് എയർ ഇവാക്കുവേഷൻ പോടുകളും ഇറാൻ ഭരണകൂടത്തിന് കപ്പൽ കൈമാറി.യാത്രക്കാരുടെ പ്രവേശനം പൂർത്തിയാക്കി ജൂൺ 25 ന് വൈകിട്ടോടെ കപ്പൽ ബന്ദർ അബ്ബാസിൽ നിന്നും യാത്ര തിരിച്ചു