വസതി മാറുന്ന സാഹചര്യം; രാഹുലിൻ്റെ സുരക്ഷ സിപിആർഎഫ് അവലോകനം ചെയ്യും

 

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സി.ആർ .പി.എഫ് അവലോകനം ചെയ്യും. രാഹുൽ ഗാന്ധി തന്‍റെ വസതി മാറുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നീക്കം. ഒരു മാസത്തിനകം രാഹുൽ ഗാന്ധി തുഗ്ലക്ക് ലെയ്നിലെ വസതി ഒഴിയണമെന്ന് ലോക് സഭാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

സിആർപിഎഫിന്‍റെ എഎസ്എൽ (അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സൺ) കാറ്റഗറി ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിനുള്ളത്. ഭീഷണിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വിഐപികളുടെ സുരക്ഷാ വിഭാഗം തീരുമാനിക്കുന്നത്. രാഹുലിന്‍റെ സുരക്ഷ സർക്കാർ കുറയ്ക്കാൻ സാധ്യതയില്ല. എന്നാൽ അദ്ദേഹം മാറുന്ന സ്ഥലത്തിന്‍റെ സുരക്ഷ ഏറ്റെടുക്കണം.

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) കഴിഞ്ഞാൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ലസ് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സൺ (എഎസ്എൽ). എൻ.എസ്.ജി കമാൻഡോകൾ ഉൾപ്പെടെ അമ്പത് സുരക്ഷാ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നൽകിയിരുന്ന എസ്പിജി സുരക്ഷ 2019 ൽ സർക്കാർ പിൻവലിച്ചിരുന്നു. 2020 മുതൽ രാഹുൽ ഗാന്ധി നൂറ്റി പതിമൂന്ന് തവണ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചതായി സിആർപിഎഫ് അവകാശപ്പെട്ടിരുന്നു.