രണ്ടേമുക്കാൽ വർഷംകൊണ്ട് 15,000 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിലാക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്

 

ഈ സർക്കാർ അധികാരത്തിൽ വന്ന് രണ്ടേമുക്കാൽ വർഷം ആകുമ്പോഴേക്കും 15,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൈലക്കര - പൂഴനാട് - മണ്ഡപത്തിൻകടവ് - മണക്കാല - പേരേക്കോണം റിങ് റോഡ്, മണ്ഡപത്തിൻകടവ് - ഒറ്റശേഖരമംഗലം റോഡ് എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രണ്ടേമുക്കാൽ വർഷം കൊണ്ട് തന്നെ ഈ ലക്ഷ്യം നേടി. ബിഎംബിസി റോഡുകൾക്ക് ഒരു കിലോമീറ്ററിന് 50 ലക്ഷം രൂപയാണ് അധിക ചെലവ്. റോഡുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് ഈ സർക്കാർ നടപ്പാക്കുന്നത്. ഏഴര വർഷം കൊണ്ട് സംസ്ഥാനത്ത് എമ്പാടും വലിയ മാറ്റമാണ് റോഡുകളുടെ കാര്യത്തിൽ കാണാനാകുന്നതെന്നും മന്ത്രി പറഞ്ഞു.

ഒറ്റശേഖരം, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡാണ് മൈലക്കര - പൂഴനാട് - മണ്ഡപത്തിൻകടവ് - മണക്കാല -പേരേകോണം റിംഗ് റോഡ്. 2021 22 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി പത്തു കോടി രൂപ അനുവദിച്ചാണ് റോഡ് ബി എം ബി സി നിലവാരത്തിൽ നവീകരിച്ചത്. മണ്ഡപത്തിൻകടവ് ഒറ്റശേഖരമംഗലം റോഡിൻ്റെ നവീകരണത്തിനായി 2.5 കോടി രൂപ അനുവദിച്ച് പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്. 

ചടങ്ങിൽ സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ചെറുപുഷ്പം, മറ്റു തദ്ദേശസ്വയംഭരണ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

ഗതാഗതം ഇനി സുഗമം: കൊടിഞ്ഞിമൂല വേങ്കോട് പാലം യാഥാർത്ഥ്യമായി

കൊടിഞ്ഞിമൂല തോടിന് കുറുകെ പുനർ നിർമ്മിച്ച വേങ്കോട് പാലത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇവിടെ വരാനും ഈ പരിപാടി സർക്കാർ അധികാരത്തിൽ വരുമ്പോൾ അഞ്ചുവർഷം കൊണ്ട് 100 പാലങ്ങൾ പൂർത്തീകരിക്കണം എന്നായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ രണ്ടേമുക്കാൽ വർഷം കൊണ്ട് തന്നെ പാലങ്ങളുടെ കാര്യത്തിൽ സെഞ്ച്വറി അടിക്കാൻ നമുക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. പാലങ്ങളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഈ സർക്കാർ പ്രത്യേക സംവിധാനം കൊണ്ടുവന്നു. ഇതുവഴി എല്ലാ മാസവും പാലങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനം വിശദമായി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വേങ്കോട് നിവാസികളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്ന പാലം 3.10 കോടി രൂപ അടങ്കലിലാണ് യാഥാർത്ഥ്യമായത്. സി.കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ, തുടങ്ങിയവർ പങ്കെടുത്തു.