അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ഡിസംബറില്‍ തിരുവനന്തപുരത്ത്

 

ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും
നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' പഞ്ചദിന പരിപാടിയുടെ പ്രമേയം

 അന്തര്‍ദേശീയ സെമിനാര്‍, വ്യവസായ-സഹകരണ സംഗമങ്ങള്‍,
ആയുര്‍വേദ എക്സ്പോ എന്നിവ പ്രധാന ആകര്‍ഷണം

തിരുവനന്തപുരം: മഹത്തായ പാരമ്പര്യമുള്ള ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജി.എ.എഫ്-2023) ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കും.

'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്നതാണ് ജി.എ.എഫിന്‍റെ പ്രമേയമെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്‍ററികാര്യ സഹമന്ത്രിയും ജി.എ.എഫ്-2023 ചെയര്‍മാനുമായ വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചെയര്‍മാനും ആയുര്‍വേദത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെയും ഉള്‍പ്പെടുത്തി 200 ല്‍ പരം അംഗങ്ങളുള്ള സംഘാടക സമിതി ജി.എ.എഫ് നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.

നൊബേല്‍ ജേതാക്കളടക്കം അമ്പതോളം ശാസ്ത്രജ്ഞര്‍ ജി.എ.എഫില്‍ പങ്കെടുക്കും. 500-ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറിനും 750 പോസ്റ്റര്‍ പ്രസന്‍റേഷനും ജി.എ.എഫ് സാക്ഷ്യം വഹിക്കും. 75 രാജ്യങ്ങളില്‍ നിന്നായി 500 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 7500 പ്രതിനിധികളാണ് ജി.എ.എഫില്‍ പങ്കെടുക്കുക.

ആയുര്‍വേദത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായുള്ള പരിശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന അവസരത്തിലാണ് ജി.എ.എഫ് നടക്കുന്നത് എന്നത് ശ്രദ്ധേയമാണെന്ന് വി. മുരളീധരന്‍ പറഞ്ഞു. കേരളത്തിന്‍റെ ടൂറിസം മേഖലയില്‍ ആയുര്‍വേദത്തെ ഫലപ്രദമായി അവതരിപ്പിക്കാനുള്ള നടപടികള്‍ സമ്മേളനം ആരായും. ടൂറിസം മേഖലയിലെ വരുമാനത്തിലെ ഗണ്യമായ പങ്ക് ആയുര്‍വേദത്തില്‍ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016 ല്‍ കോഴിക്കോട് നടന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിന്‍റെ മൂന്നാം പതിപ്പിന്‍റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ആയി നടന്ന നാലാം പതിപ്പ് ഉദ്ഘാടനം ചെയ്തതും പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യയുടെ ആരോഗ്യപരിപാലന സംവിധാനത്തില്‍ വ്യക്തമായ ഇടമുള്ള ആയുര്‍വേദം ഇതിനകം തന്നെ അതിന്‍റെ പ്രാദേശിക അതിര്‍ത്തികള്‍ മറികടന്നുകഴിഞ്ഞു. ആഗോളതലത്തില്‍ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളില്‍ ആയുര്‍വേദം ഏറെ അംഗീകരിക്കപ്പെടുന്ന സമയമാണിത്. ഈ മേഖലയെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കാനും ഗവേഷണ സംരംഭങ്ങള്‍ സുഗമമാക്കാനും സഹകരണങ്ങള്‍ ഔപചാരികമാക്കാനും നയങ്ങള്‍ ഉറപ്പിക്കാനും ആഗോള തലത്തിലുള്ള ആയുര്‍വേദ പങ്കാളികളെ പരിചയപ്പെടാനും ജി.എ.എഫ് വേദിയൊരുക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായ സംഘടനകളുടെ പിന്തുണയോടെ ആയുര്‍വേദ മേഖലയില്‍ നിക്ഷേപം, കയറ്റുമതി, വ്യാപാരം എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ജി.എ.എഫ് 2023 തേടുമെന്ന് ജി.എ.എഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. ജി.ജി. ഗംഗാധരന്‍ പറഞ്ഞു. ജി.എ.എഫിന്‍റെ ആഗോള പ്രചാരണത്തിന്‍റെ ഭാഗമായി മറ്റ് രാജ്യങ്ങളുടെ ഇന്ത്യയിലെ അംബാസഡര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ജി.എ.എഫിന്‍റെ ഭാഗമായുള്ള എക്സിബിഷനില്‍ ആയുര്‍വേദത്തിലെയും അനുബന്ധ മേഖലകളിലെയും സ്ഥാപനങ്ങളും സംഘടനകളും സംരംഭകരും പങ്കെടുക്കുന്ന 500 ല്‍ പരം സ്റ്റാളുകള്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, സാങ്കേതികവിദ്യകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. അഞ്ച് ദിവസം കൊണ്ട് അഞ്ച് ലക്ഷം സന്ദര്‍ശകരെയാണ് മേള പ്രതീക്ഷിക്കുന്നത്. ആയുര്‍വേദ മരുന്നുകള്‍, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍, വെല്‍നസ് സേവനങ്ങള്‍, ആയുര്‍വേദ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ പരിചയപ്പെടാന്‍ സന്ദര്‍ശകര്‍ക്ക് എക്സ്പോ അവസരമൊരുക്കും.

ജി.എ.എഫിന് മുന്നോടിയായി കേരളത്തിലെ എല്ലാ ജില്ലകളിലും നവംബര്‍ ഒന്നു മുതല്‍ 30 വരെ ഗ്രാന്‍ഡ് കേരള ആയുര്‍വേദ ഫെയര്‍ നടക്കും. എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളെയും കൂട്ടായ്മകളെയും ഇതില്‍ ഭാഗമാക്കും. സ്കൂള്‍, കോളേജ്, റസിഡന്‍സ് അസോസിയേഷന്‍ തലങ്ങളില്‍ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ആയുര്‍വേദത്തെ ജനസൗഹൃദമാക്കി മാറ്റുന്നതിന് സംസ്ഥാനത്തെ ആയുര്‍വേദവുമായി ബന്ധപ്പെട്ട എല്ലാവരുമായുള്ള ഒരു ജനകീയ പരിപാടിയായിരിക്കും ഇത്.

ജി.എഎ.ഫ് സെക്രട്ടറി ജനറല്‍ ഡോ. സി. സുരേഷ്കുമാര്‍ (ത്രിവേണി), ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. സി. സുരേഷ്കുമാര്‍, ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ കോണ്‍ക്ലേവ് ചെയര്‍മാന്‍ ബേബി മാത്യു സോമതീരം, എ.എം.എ.ഐ സംസ്ഥാന പ്രസിഡന്‍റ് സി.ഡി ലീന, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. വിജയന്‍ നങ്ങേലി, ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഒ.ആര്‍ സെബി, ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ദുര്‍ഗ, ആയുര്‍വേദ മെഡിസിന്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.