നടിയെ ആക്രമിച്ച കേസ് ;വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും

 

11 മാസത്തെ ഇടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും.  ഇന്ന് രണ്ട് സാക്ഷികളെയാണ് വിസ്‌തരിക്കുക.വിസ്‌താരം പൂർത്തിയാക്കാത്ത 36 സാക്ഷികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സമൻസ് അയച്ചിരുന്നു. ഇതിനുള്ള സമയക്രമം വിചാരണക്കോടതി നിശ്ചയിച്ചിട്ടുണ്ട്. ഡിസംബർ ആറു വരെ വിസ്‌തരിക്കേണ്ടവരുടെ പട്ടികയാണ് തയ്യാറായിട്ടുള്ളത്.



നടി മഞ്ജു വാര്യർ, കേസിലെ സാക്ഷിയായ സാഗർ വിൻസെന്റ്, പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൺ എന്നിവരെ നേരത്തെ വിസ്‌തരിച്ചതിനാൽ ഇപ്പോൾ വിസ്‌തരിക്കില്ല. ഒരിക്കൽ വിസ്‌തരിച്ചവരെ വീണ്ടും വിസ്‌തരിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ കേസിലെ എട്ടാം പ്രതിയായ ദിലീപ്‌ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പ്രത്യേക അപേക്ഷ നൽകി പ്രതിഭാഗത്തിന്റെ കൂടി വാദം കേട്ടശേഷമേ മഞ്ജുവിനെ വിസ്‌തരിക്കുന്നതിൽ തീരുമാനമെടുക്കാനാകൂ എന്നാണ് കോടതിയുടെ നിലപാട്.



അതേസമയം, നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന് നോട്ടീസ് അയക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് കോടതി നടപടി.