മത്സ്യബന്ധന മാര്‍ഗ്ഗനിര്‍ദ്ദേശം: ആശങ്കകള്‍ 
കേന്ദ്രത്തെ അറിയിച്ചു - മന്ത്രി വി അബ്ദുറഹിമാന്‍ 

 

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ഇന്ത്യന്‍ യാനങ്ങള്‍ക്കുള്ള കരട് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചുവെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. മാര്‍ഗ്ഗനിര്‍ദ്ദേശം നമ്മുടെ മത്സ്യബന്ധനമേഖലയെ എങ്ങനെ ബാധിക്കുമെന്ന് അന്വേഷിക്കാന്‍ ഉന്നത സമിതിയെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി.

മാര്‍ഗ്ഗനിര്‍ദ്ദേശത്തിലെ പല ഭാഗങ്ങളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗത്തെ ദോഷകരമായി ബാധിക്കുമെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഭേദഗതിക്കുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായും തൊഴിലാളി സംഘടനകളുമായും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായും സ്വതന്ത്രമായും തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം. നമ്മുടെ മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനം എല്ലാ ശ്രമവും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  എ എസ് ശ്രീനിവാസ് ഐ എ എസ്, ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള ഐ എ എസ്, ഡെപ്യുട്ടി ഡയറക്ടര്‍ എസ് അനില്‍ കുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.