കെ.എസ്.ആർ.ടി.സി ഗവി ടൂറിസം

100 ട്രിപ്പുകള്‍, വരുമാനം 20 ലക്ഷം
 

ഗവിയിലേക്കുള്ള യാത്രാമധ്യേ ബസ് കേടായതിനെ തുടർന്ന് മൂന്ന് പുതിയ ബസുകൾ എത്തിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇത് സംബന്ധിച്ച അപേക്ഷ ചീഫ് ഓഫീസിൽ സമർപ്പിച്ചിട്ടുണ്ടെന്നും ബസുകൾ ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബജറ്റ് ടൂറിസം സെൽ അധികൃതര്‍ പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ബസാണ് വഴിയിൽ വച്ച് തകരാറിലായത്.

എം.എൽ.എ ഫണ്ടിൽ നിന്ന് പുതിയ ബസുകൾ വാങ്ങാൻ ജീവനക്കാർ മന്ത്രി വീണാ ജോർജിന് നിവേദനവും നൽകിയിട്ടുണ്ട്. ഡിസംബർ ഒന്നിന് ആരംഭിച്ച പാക്കേജ് ടൂറിസം സർവീസ് ഒരു മാസത്തിനുള്ളിൽ 100 കടന്നു. വരുമാനം 20 ലക്ഷമായി.

തിരുവനന്തപുരം ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ മൂന്ന് സോണുകളിൽ നിന്നും എറണാകുളം ഉൾപ്പെടെയുള്ള മധ്യമേഖലയിൽ നിന്നും കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ മേഖലയിൽ നിന്നുമാണ് ടൂർ പാക്കേജ് നടപ്പാക്കുന്നത്. ഗവിയിലേക്ക് ഒരു ദിവസം മൂന്ന് സർവീസുകളുണ്ട്. ഇത് ഒരു ദിവസത്തെ പാക്കേജാണ്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 6.30ന് സർവീസ് ആരംഭിക്കും. കെ.എസ്.ഇ.ബി ഡാമുകളായ മൂഴിയാർ, കക്കിആനത്തോട്, കൊച്ചുപറമ്പ്, ഗവി എന്നിവ കാണാം. കൊച്ചുപറമ്പിൽ ബോട്ടിംഗും ക്രമീകരിച്ചിട്ടുണ്ട്. രാത്രിയോടെ പത്തനംതിട്ടയിലെത്താം.