ജല നിരപ്പുയർന്നു; ഇടുക്കി ഡാം നാളെ രാവിലെ തുറക്കും

 
ജലനിരപ്പുയർന്നതോടെ ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു
ഇടുക്കി ഡാമിലെ അധിക ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. 50 ക്യൂസെക്സ് ജലം പുറത്തേക്കൊഴുക്കുവാനാണ് തീരുമാനം. ജലനിരപ്പ് അപ്പർ റൂൾ കർവിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്.

2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. അധിക ജലം ഡാമില്‍ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ആകെ ജലസംഭരണ ശേഷിയുടെ 83 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.

ഇടുക്കി ഡാം തുറന്നാലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്. നിലവില്‍ ശക്തമായ മഴ മാറി നില്‍ക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തില്‍ ഡാം തുറക്കേണ്ടി വന്നാലും കുറഞ്ഞ അളവില്‍ ആയിരിക്കും വെള്ളം പുറത്തേക്ക് ഒഴുകുന്നത്.

500 ക്യൂമെക്‌സ് (ക്യൂബിക് മീറ്റര്‍ പെര്‍ സെക്കന്റ്) ജലം വരെ തുറന്ന് വിട്ടാല്‍ പെരിയാറില്‍ ജലനിരപ്പില്‍ കാര്യമായി വ്യത്യാസമുണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്രയും ജലം തുറന്ന് വിടേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.

2021 ഇല്‍ 100 ക്യൂമെക്‌സ് ജലമാണ് ഇടുക്കി ഡാമില്‍ നിന്ന് തുറന്നു വിട്ടത്. ലോവര്‍ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ സംഭരിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്ത ശേഷം 40 ക്യൂമെക്‌സ് ജലം മാത്രമാണ് താഴേക്ക് ഒഴുകിയെത്തിയത്.

ഇടമലയാര്‍ ഡാമിന് മുകളിലുള്ള തേനാര്‍ ഡാം പ്രദേശത്തു ശക്തമായ മഴ തുടര്‍ന്ന സാഹചര്യത്തില്‍ 2021ല്‍ ഇടമലയാര്‍ ഡാമില്‍ നിന്നും 100 ക്യൂമെക്‌സ് ജലം അന്ന് പുറത്തേക്ക് വിട്ടിരുന്നു. 140 ക്യൂമെക്‌സ് ജലം അന്ന് പെരിയാറില്‍ അധികമായി ഒഴുകിയിട്ടും കാലടി മേഖലയില്‍ അഞ്ചു സെന്റിമീറ്റര്‍ മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നത്. മറ്റു പ്രദേശങ്ങളില്‍ കാര്യമായ മാറ്റം ദൃശ്യമായില്ല.