രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയ്ക്ക് ശോഭയേറ്റി നടി ശോഭനയും 

 

വിഷുദിന അതിഥിയായി നടിയും നര്‍ത്തകിയുമായ ശോഭനയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു പ്രചാരണ ഗോഥയില്‍ ഇറങ്ങി. രാജീവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത ശോഭനയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഉച്ചയ്ക്കു ശേഷം ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാജീവില്‍ നിന്നും ശോഭന വിഷുക്കൈനീട്ടം സ്വീകരിച്ചു. രാജീവ് ചന്ദ്രശേഖറിനു പിന്തുണയുമായാണ് തിരുവനന്തപുരത്തെത്തിയതെന്ന് അവര്‍ പറഞ്ഞു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലും പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.

ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച വാഹന പ്രചരണ ജാഥ വൈകീട്ട് ഏഴ് മണിയോടെ നെയ്യാറ്റിന്‍കര ടിബി ജങ്ഷനിലെത്തിയപ്പോഴാണ് ശോഭന രാജീവിനൊപ്പം റോഡ് ഷോയില്‍ ചേര്‍ന്നത്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി വി രാജേഷും കൂടെയുണ്ടായിരുന്നു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും സ്ഥാനാര്‍ത്ഥിയേയും പ്രിയ നടിയേയും വരവേല്‍ക്കാനെത്തി. സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ള ജനങ്ങളും റോഡ് ഷോയില്‍ പങ്കെടുത്തു. നൂറുകണക്കിന് ബൈക്കുകളുടെ റാലിയും ചെണ്ടഘോഷ മേളങ്ങളും അകമ്പടിയായി ഉണ്ടായിരുന്നു. സ്വീകരിക്കാനെത്തിയ അണികളുടേയും വോട്ടര്‍മാരുടേയും ബാഹുല്യ കാരണം പ്രചാരണ വാഹനം വളരെ മന്ദഗതിയിലാണ് കടന്നു പോയത്. നെയ്യാറ്റിന്‍കര അമ്മന്‍കോവില്‍ ജങ്ഷനില്‍ റോഡ് ഷോ സമാപിച്ചു.

രാവിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേതത്തില്‍ വിഷുക്കണി ദര്‍ശനം നടത്തിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വിഷുദിനത്തിലെ തിരഞ്ഞെടുപ്പു പര്യടനം ആരംഭിച്ചത്. നേരത്തെ ഓട്ടുരുളിയില്‍ തയ്യാറാക്കി വച്ച കണിക്കോപ്പുകളില്‍ നെയ്ത്തിരി തെളിച്ചു കണ്ണനെ വണങ്ങിയ സ്ഥാനാര്‍ത്ഥിക്ക് ഭക്തജനങ്ങളും വരവേല്‍പ്പു നല്‍കി. ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര നടയില്‍ നിന്ന് ആരംഭിച്ച നെയ്യാറ്റിന്‍കര മണ്ഡലത്തിലെ വാഹന പര്യടനത്തിന് അകമ്പടിയായി ബൈക്ക് റാലിയുമുണ്ടായിരുന്നു. തുടര്‍ന്ന് ആലിമുട് തൊഴുക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി. തൊഴുക്കല്‍ ജംഗ്ഷനില്‍  കാഥികന്‍ വടക്കോട് മണി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. പ്രായം 75 കഴിഞ്ഞെങ്കിലും സ്ഥാനാര്‍ത്ഥിയെ കാണാനായി എത്തിയതായിരുന്നു. ഇത്തവണ മാറ്റം ഉണ്ടാകുമെന്നും അവശ കലാകാരന്‍മാരെ ഇരുമുന്നണികളും തഴയുകയാണെന്നും വടക്കോട് മണി സ്ഥാനാര്‍ത്ഥിയോട് പരാതിപ്പെട്ടു. ആലപൊറിയിലെത്തിയ സ്ഥാനാര്‍ത്ഥിയെ സഹോദരിമാരായ അഭയ വര്‍ഷിണിയും അമൃത വര്‍ഷയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മുള്ളിവിള, മാങ്കോട്ടുകോണം, പെരുമ്പഴിതൂര്‍, പഴിഞ്ഞിക്കുഴി, വിഷ്ണുപുരം എന്നിവിടങ്ങളിലെത്തിയ വാഹന പ്രചരണ ജാഥയ്ക്ക് വന്‍സ്വീകരണം നല്‍കി. എല്ലാ സ്വീകരണങ്ങള്‍ക്കും രാജീവ് ചന്ദശേഖര്‍ നന്ദി പറഞ്ഞു. ഷാളും താമരഹാരവും നല്‍കിയാണ് ഓരോയിടത്തും സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ വരവേറ്റത്.